മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നായ കിരീടം 37 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് തിയേറ്ററുകളില്‍ റീ റീലീസ് ചെയ്തിരിക്കുകയാണ്. സിബിമലയില്‍-മോഹന്‍ലാല്‍- ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം അന്ന് മലയാള സിനിമയില്‍ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായി പില്‍ക്കാലത്ത് സേതുമാധവന്‍ മാറി.
എന്നാല്‍ കീരീടം എന്ന സിനിമ അന്ന് മോഹന്‍ലാലോ സിബി മലയിലോ തിയേറ്റില്‍ പോയി കണ്ടിട്ടില്ല. അന്നത്തെ കാലത്ത് ഒരു സിനിമ റിലീസ് ചെയ്താല്‍ ഉടനെ അടുത്ത സിനിമയുടെ തിരക്കുകളിലേക്ക് പോകുന്നതായിരുന്നു രീതിയെന്നും കിരീടം റിലീസ് ചെയ്യുന്ന ദിവസം താന്‍ കേരളത്തില്‍ ഇല്ലായിരുന്നെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നു. പടം ഭയങ്കര ഹിറ്റാണെന്ന് മോഹന്‍ലാലാണ് തന്നോട് പറയുന്നതെന്നും സിബി മലയില്‍ പറഞ്ഞു.
‘അന്ന് കിരീടം റിലീസ് ചെയ്യുന്ന സമയത്ത് ഞാന്‍ കേരളത്തില്‍ ഇല്ലായിരുന്നു, ചെന്നൈയിലായിരുന്നു താമസം. പടം ഹിറ്റാണെന്ന വാര്‍ത്ത ഞാന്‍ അറിയുന്നുണ്ട്. അന്ന് ഇന്നത്തെ പോലെ വാര്‍ത്തകള്‍ പെട്ടെന്ന് എത്തില്ല. ലാന്റ് ഫോണ്‍ വഴിയുള്ള കമ്യൂണിക്കേഷനല്ലേ ഉള്ളൂ. വീട്ടിലേക്ക് ചിലര്‍ ഫോണ്‍ വിളിച്ച് ഹിറ്റാണെന്ന കാര്യം പറയുന്നുണ്ട്.
സിനിമ, തിയേറ്ററില്‍ പോയി പ്രേക്ഷകരുടെ കൂടെയിരുന്ന് കാണാനോ അവരുടെ ആ കൈയടികളും ആഹ്‌ളാദങ്ങളും നേരിട്ട് അനുഭവിക്കാനോ അന്ന് എനിക്ക് സാധിച്ചില്ല.
സിബി മലയില്‍
കാരണം, റിലീസ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അടുത്ത ചിത്രമായ ‘ദശരഥത്തിന്റെ’ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഞാന്‍ ഊട്ടിയിലേക്ക് പോയി. അതുകൊണ്ട് പ്രേക്ഷകര്‍ ഈ സിനിമയെ എങ്ങനെ എടുത്തു എന്നൊന്നും നേരില്‍ കാണാന്‍ കഴിഞ്ഞില്ല.
ഈ സിനിമയെ കുറിച്ച് ആദ്യമായിട്ട് എന്റെ അടുത്ത് നേരിട്ട് ഒരാള്‍ അഭിപ്രായം പറയുന്നത് മോഹന്‍ലാലാണ്.
സിനിമ ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴത്തേക്കും അദ്ദേഹം ദശരഥത്തിന്റെ ലൊക്കേഷനിലേക്ക് വന്നു. എന്നെ കണ്ടപ്പോള്‍ തന്നെ, സിബി, നമ്മുടെ പടം ഹിറ്റാണ് കേട്ടോ’ എന്ന് പറഞ്ഞു. ഞാനും കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അല്ല, ഭയങ്കര ഹിറ്റാണ് എന്ന് വീണ്ടും പറഞ്ഞു.
അന്ന് ലാന്‍ഡ് ഫോണ്‍ വഴിയുള്ള വാര്‍ത്തകളിലൂടെ ഞാനും അത് കേള്‍ക്കുന്നുണ്ടായിരുന്നു. എങ്കിലും ലാലിന്റെ വായില്‍ നിന്ന് തന്നെ അത് കേള്‍ക്കുക എന്നത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. പുള്ളിക്കും കേട്ടറിവാണ്. പുള്ളിയും തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. അതാണ് കിരീടത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഓര്‍മ.
മോഹന്‍ലാല്‍
അന്ന് തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്. പക്ഷേ ആ സമയത്ത് ഞാന്‍ ഇല്ലാതെ പോയി. ഹിസ് ഹൈനസ് അബ്ദുള്ള ഇറങ്ങിയ സമയത്ത് ഞാന്‍ ഒന്ന് രണ്ട് തിയേറ്ററിലൊക്കെ പോയിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം സമയത്തും കുറേ തിയേറ്ററുകളിലൊക്കെ പോയിട്ടുണ്ട്.
സമയമുണ്ടാവില്ല അന്നൊന്നും. നിര്‍മാതാക്കളായിരിക്കും അതിനുള്ള ഇനീഷ്യേറ്റീവ് എടുക്കുന്നത്. നമ്മള്‍ ഒരു വര്‍ക്ക് ചെയ്തിട്ട് അതിന് കിട്ടുന്ന സ്വീകാര്യത നേരിട്ട് കാണുമ്പോഴാണ് ആ സര്‍ക്കിള്‍ പൂര്‍ത്തിയാകുന്നത്. അല്ലെങ്കില്‍ ഒരു എന്‍ഡില്‍ നമ്മളും മറ്റൊരു എന്‍ഡില്‍ പ്രേക്ഷകരും നില്‍ക്കുന്ന അവസ്ഥയാകും.
അന്ന് എനിക്ക് തോന്നുന്നു പല സിനിമകളും അങ്ങനെ തന്നെയായിരുന്നു എന്ന്. ഒരു വര്‍ഷം തന്നെ മൂന്നും നാലും സിനിമകള്‍ ചെയ്യുന്ന തിരക്കുള്ള കാലമായതുകൊണ്ട് സിനിമയുടെ വിജയം ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
നമ്മള്‍ ആ തിരക്കുകള്‍ക്കുള്ളില്‍ അങ്ങ് ഒഴുകുകയായിരുന്നല്ലോ. ആ തിരക്കില്‍ നിന്ന് മാറിനില്‍ക്കുമ്പോഴാണ് അതിനൊക്കെ സാധിക്കുക. ഇപ്പോഴാണ് അത്തരത്തില്‍ നേരിട്ട് സിനിമ കാണാനും ആസ്വദിക്കാനുമൊന്നും കഴിഞ്ഞില്ലല്ലോ എന്ന് തോന്നുന്നത്,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Lal and I haven’t watched Kireedam in the theatre says Director Sibi Malayil
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.