അത് അദ്ദേഹത്തിന് ഒരിക്കലും യോജിക്കുന്ന പൊസിഷനല്ല; സഞ്ജുവിനെക്കുറിച്ച് ബാലാജി
Cricket
അത് അദ്ദേഹത്തിന് ഒരിക്കലും യോജിക്കുന്ന പൊസിഷനല്ല; സഞ്ജുവിനെക്കുറിച്ച് ബാലാജി
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd March 2026, 4:26 pm

ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസണെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി. ഓപ്പണറായ സഞ്ജുവിനെ മുമ്പ് മധ്യ നിരയില്‍ കളിപ്പിച്ചതില്‍ മാനേജ്‌മെന്റിനെ അദ്ദേഹം വിമര്‍ശിച്ചു. ഐ.പി.എല്ലില്‍ ഉള്‍പ്പെടെ താരം ടോപ് ഓര്‍ഡറിലാണ് സെഞ്ച്വറി നേടിയതെന്ന് ബാലാജി പറഞ്ഞു. സഞ്ജുവിനെ പോലുള്ള ഒരു പവര്‍ ഹിറ്ററിന്റെ കാര്യത്തില്‍ അവിടെയാണ് നേതൃത്വത്തിന് ചെറിയ ആശയക്കുഴപ്പം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഓസ്‌ട്രേലിയന്‍ ടി-20 പരമ്പരയില്‍ സഞ്ജുവിനെ മധ്യനിരയില്‍ കൊണ്ടുവന്നു. അത് അദ്ദേഹത്തിന് ഒട്ടും യോജിക്കുന്ന പൊസിഷനല്ല. ഐ.പി.എല്ലില്‍ നമ്മള്‍ ടോപ് ഓര്‍ഡറിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറികളുള്ളത്. പ്രത്യേകിച്ച് സഞ്ജുവിനെ പോലുള്ള ഒരു പവര്‍ ഹിറ്ററിന്റെ കാര്യത്തില്‍ അവിടെയാണ് നേതൃത്വത്തിന് ചെറിയ ആശയക്കുഴപ്പം ഉണ്ടായത്. അപ്പോള്‍ കളിക്കാരനും ആശയക്കുഴപ്പത്തിലാകും.

ഒരു പ്രാഥമിക ടോപ്പ് ഓര്‍ഡര്‍ ബാറ്ററാണ് സഞ്ജു, അദ്ദേഹം ആ സ്ഥാനത്ത് കളിക്കണം. അവിടെയാണ് നേതൃത്വ ഗ്രൂപ്പ് ഒരു ചെറിയ തെറ്റ് ചെയ്തതെന്ന് എനിക്ക് തോന്നുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോം കുറഞ്ഞു, ന്യൂസിലന്‍ഡ് പരമ്പരയില്‍ അദ്ദേഹം കളഴിവ് തെളിയിക്കാന്‍ കഴിഞ്ഞില്ല,’ അദ്ദേഹം ക്രിക്ക് ഇറ്റ് വിത്ത് ബദ്രിയില്‍ പറഞ്ഞു.

സഞ്ജു

അതേസമയം ടി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.

ഇനി സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content highlight: Lakshmipathy Balaji Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ