കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം: ഹൈക്കോടതി
Lakshadweep
കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th August 2021, 4:25 pm

കൊച്ചി: കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുന്‍പ് എം.പിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ അനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്.

എം.പിമാര്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എം.പിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും എളമരം കരീമും എ.എം ആരിഫും അടക്കമുള്ള ആറ് ഇടത് എം.പിമാരുമാണ് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ യാത്രയ്ക്ക് അനുമതി നിഷേധിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു.

സഭാ ചട്ടം 187 പ്രകാരം രാജ്യസഭയില്‍ എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാര്‍, വി.ശിവദാസന്‍, കെ.സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവരും സഭാ ചട്ടം 222 പ്രകാരം എ.എം.ആരിഫ്, തോമസ് ചാഴികാടന്‍ എന്നിവര്‍ ലോക്സഭയിലുമാണ് നോട്ടീസ് നല്‍കിയത്.

നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലക്ഷദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കത്ത് നല്‍കിയിരുന്നു.

പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റ ശേഷം ലക്ഷദ്വീപിലുണ്ടായ പ്രശ്നങ്ങള്‍ പഠിക്കണമെന്ന ദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്തിയും പുതിയ പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു തീരുമാനം.