തേങ്ങ പറിക്കാന്‍ 24 മണിക്കൂര്‍ മുമ്പ് അനുവാദം വാങ്ങണം; വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍
Kerala
തേങ്ങ പറിക്കാന്‍ 24 മണിക്കൂര്‍ മുമ്പ് അനുവാദം വാങ്ങണം; വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th September 2025, 9:38 pm

കവരത്തി: വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. തെങ്ങില്‍ നിന്ന് തേങ്ങ പറിക്കാന്‍ 24 മണിക്കൂര്‍ മുമ്പ് അനുവാദം വാങ്ങണമെന്നാണ് ഉത്തരവ്.

ആന്ത്രോത്ത്, കല്‍പ്പനി ദ്വീപുകളിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയത്. തെങ്ങ് കയറുന്നയാള്‍ കൈയുറകളും താഴെ നില്‍ക്കുന്നയാള്‍ ഹെൽമറ്റും ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് അനുമതി തേടണമെന്നാണ് പ്രധാന നിര്‍ദേശം. ഉത്തരവിന് പിന്നാലെ ലക്ഷദ്വീപ് കളക്ടര്‍ക്ക് അജ്മല്‍ അഹമ്മദ് എന്ന അഭിഭാഷകന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥന് ഈഗോ ഹേര്‍ട്ടായതിനാലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്.

‘അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വഴിയുടെ അരികിൽ ഒരാള്‍ തേങ്ങ പറിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ കണ്ടപ്പോള്‍ പാവപ്പെട്ട ആ മനുഷ്യന്‍ അദ്ദേഹത്തോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഉദ്യോഗസ്ഥന്റെ സുരക്ഷ കണക്കിലെടുത്താണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥന് ഈഗോ ഹേര്‍ട്ടാകുകയും വിചിത്ര ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു,’ അഭിഭാഷകന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അടുത്തിടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തെങ്ങുകളില്‍ നിന്ന് അനധികൃതമായി തേങ്ങ പറിച്ചാല്‍ പിടിവീഴുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിരുന്നു. പുറംപോക്ക് അടക്കമുള്ള സര്‍ക്കാര്‍ ഭൂമിയിലെ തെങ്ങുകളില്‍ അനധികൃതമായി കേറരുതെന്നായിരുന്നു നിര്‍ദേശം.

അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസാണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദ്വീപുകളിലെ തെങ്ങുകയറ്റക്കാരെ ലക്ഷ്യമിട്ടായിരുന്നു ഉത്തരവ്.

അനധികൃതമായി തേങ്ങ പറിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഭൂമികളില്‍ കൈയേറ്റം നടത്തുന്നതും അതിലുള്ള വസ്തുവകകള്‍ കൈക്കലാക്കുന്നതും നിയമലംഘനവും ശിക്ഷാര്‍ഹവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Lakshadweep administration ordered Permission must be obtained 24 hours in advance to pluck coconuts