ഒണ്ടാരിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്നാക്കുമെന്ന് ട്രംപ്
World
ഒണ്ടാരിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്നാക്കുമെന്ന് ട്രംപ്
റെന്വര്‍ പി
Tuesday, 25th August 2026, 10:33 pm

വാഷിങ്ടണ്‍: യു.എസ്- കാനഡ വ്യാപാര തര്‍ക്കം ശക്തമാവുന്നതിനിടെ ഒണ്ടാരിയോ തടാകത്തിന്റെ പേരുമാറ്റുമെന്ന പ്രഖ്യാപനവുമായി ട്രംപ്. യു.എസ് കാനഡ അതിര്‍ത്തിയിലാണ് ലേക്ക് ഒണ്ടാരിയോ. കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയുടെ പേര് ഒഴിവാക്കി തടാകത്തെ ലേക്ക് അമേരിക്ക എന്ന പുനര്‍ നാമകരണം ചെയ്യുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ഒണ്ടാരിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇനി ഒണ്ടാരിയോയുമായി വലിയ ബിസിനസ്സ് നടത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’ ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളില്‍ ഒന്നാണ് ലേക്ക് ഒണ്ടാരിയോ. കനേഡിയന്‍ പ്രവിശ്യയായ ഒണ്ടാരിയോയ്ക്കും യു.എസിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിനും ഇടയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.

അതേസമയം, യു.എസ് ഭരണകൂടത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് തങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്ന് കനേഡിയന്‍ മന്ത്രി ഡൊമിനിക് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തടാകത്തിന്റെ പേര് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

‘ഒരു ഫെഡറല്‍ ഗവണ്‍മെന്റ് എന്ന നിലയില്‍ പ്രസിഡന്റിന്റെയോ അദ്ദേഹത്തിന്റെ കാബിനറ്റ് സെക്രട്ടറിമാരുടെയോ ദൈനംദിന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്ന് ഞങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണ്,’ ലെബ്ലാങ്ക് പറഞ്ഞു.

യു.എസും കാനഡയും തമ്മിലുള്ള വ്യാപാര തര്‍ക്കം സമീപ ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായിരുന്നു. കാനഡയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ ഇന്ന് (ഓഗസ്റ്റ് 25, ചൊവ്വ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡയില്‍ നിന്നുള്ള കാറുകള്‍, ട്രക്കുകള്‍, വാഹന ഭാഗങ്ങള്‍ എന്നിവയ്ക്ക് നിലവിലെ തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുമെന്നാണ് ട്രംപ് പറഞ്ഞത്.

2027 ജനുവരി ഒന്നുമുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.

വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ കാനഡയില്‍ നിന്നുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ് 50 ശതമാനം വരെ പുതിയ തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ചയോടെ പുതിയ തീരുവ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് മറുപടിയായി കാനഡയും യു.എസ് ഉല്‍പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ചിരുന്നു.

ഡോളറിന് ഡോളര്‍ എന്ന രീതിയില്‍ അമേരിക്കന്‍ഉത്പ്പന്നങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞിരുന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യു.എസ് മുന്നോട്ടുവച്ച അവസാന നിമിഷത്തെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കാര്‍ണി പറഞ്ഞിരുന്നു. കാനഡയുടെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളും യു.എസ് മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight:  Lake America? Trump mulls renaming Lake Ontario

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.