മലയാള സിനിമയിൽ അപൂർവമായി മാത്രം കാണാറുള്ള തരത്തിലുള്ള വൻ വിജയമായി മാറിയിരിക്കുകയാണ് നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ‘വാഴ 2’. റിലീസിന് പിന്നാലെ തന്നെ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം, സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധ നേടിയ യുവാക്കളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം പുതുമയും നർമവും ചേർന്ന അവതരണത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കുകയാണ്.
ചിത്രത്തിലെ ഓരോ സീനും ശ്രദ്ധ നേടുമ്പോൾ, തിയേറ്റർ ഇളക്കിമറിച്ച ഒരു രംഗമുണ്ടായിരുന്നു. ‘തൂക്കി ചുവന്ന കരങ്ങളോടെ’ എന്ന ബാഗ്രൗണ്ട് സൊങ്ങോടെ ആ രംഗം തീയേറ്ററിന് പൂരപ്പറമ്പാക്കി മാറ്റുകയായിരുന്നു. അതിന് കാരണമാകുന്ന, ഹാഷിറിന്റെ ജീവിതത്തിൽ നിർണായകമായ മാറ്റം വരുത്തുന്ന ഒരു കഥാപാത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
ഹാഷിറിന്റെ ക്ലാസിലെ കുട്ടിയായി വേഷമിട്ട ലക്ഷ്മി ധന്യ സജുവിന്റെ പ്രകടനമാണ് കൂടുതൽ ശ്രദ്ധേയമായത്. അവളുടെ സാന്നിധ്യത്തിലൂടെയാണ് ഹാഷിർ നായികയുടെ പ്രണയം തിരിച്ചറിയുന്ന പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത്.
ഇപ്പോഴിതാ, സിനിമയെക്കുറിച്ചും അഭിനയാനുഭവങ്ങളെയും, അധ്യാപകരിൽ നിന്ന് ലഭിച്ച പിന്തുണയെയും കുറിച്ച് ലക്ഷ്മി ധന്യ സജു തുറന്ന് പറയുകയാണ്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
‘എന്റെ പരീക്ഷ സമയത്താണ് എനിക്ക് വാഴ സിനിമയിലേക്കുള്ള വിളി വരുന്നത്. പരീക്ഷ സമയത്താണ് വാഴ 2യിൽ അഭിനയിക്കാൻ പോയത്. അപ്പോൾ ഞാൻ മിസ്സിനോട് ചോദിച്ചു, എനിക്ക് ഇങ്ങനെ ഒരു സിനിമയുടെ ഷൂട്ട് ഉണ്ട്, ഞാൻ പൊയ്ക്കോട്ടേ എന്ന്. അപ്പോൾ എന്നോട് ചോദിച്ചു, ഏത് സിനിമയുടെ ഷൂട്ട് ആണെന്ന്. ഞാൻ പറഞ്ഞു, വാഴയുടെ സെക്കൻഡ് പാർട്ട് ആണെന്ന്.
അപ്പോൾ മിസ് പറഞ്ഞു, എക്സാം ഒക്കെ നമുക്ക് പിന്നെ എഴുതാം, അത് എപ്പോൾ വേണമെങ്കിലും എഴുതാമല്ലോ, എന്നാൽ സിനിമ അങ്ങനെയല്ല, അത് കിട്ടൂല, പൊക്കോ പൊക്കോ, എക്സാം ഒക്കെ ഞങ്ങൾ പിന്നെ എഴുതിച്ചോളാം എന്ന് പറഞ്ഞു.
ഞാൻ ശരിക്കും ഞെട്ടിപ്പോയി, കാരണം യൂണിവേഴ്സിറ്റി എക്സാം ആയിരുന്നു ആ സമയം. കുഴപ്പമില്ല, എഴുതണ്ട, പൊക്കോ എന്ന് പറഞ്ഞു,’ ലക്ഷ്മി ധന്യ സജു പറഞ്ഞു.
തനിക്ക് വലിയ ടെൻഷൻ ഉണ്ടായിരുന്നുവെന്നും, സിനിമ പുറത്തിറങ്ങുമ്പോൾ തന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടാകുമെന്ന ആശങ്കയും ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഹാഷിറിന്റെ ജീവിതം മാറ്റിയ നായിക എന്നാണ് എല്ലാവരും പറയുന്നതെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Lakashmi dhanya saju talk about the movie Vazha 2
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.