ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോര്‍ ഹൈക്കോടതി
World News
ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോര്‍ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th March 2023, 6:39 pm

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടി താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. നാളെ പത്ത് മണി വരെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് പൊലീസിനും വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പി.ടി.ഐ നേതാവ് ഫവാദ് ചൗധരി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

നേരത്തെ ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും പി.ടി.ഐ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. പൊലീസിനെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ തടഞ്ഞ അനുയായികള്‍ ഉദ്യോഗസ്ഥരെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചിരുന്നു.

ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കുന്ന ദൃശ്യങ്ങളും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് പുറമെ കറാച്ചിയിലും ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലും പാര്‍ട്ടി അനുയായികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയതായും പരിക്കേറ്റവരെ ലാഹോര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പാകിസ്ഥാന്‍ പൊലീസ് അറിയിച്ചു.

ഇതിനിടെ പാകിസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ തന്റെ ജീവന്‍ അപഹരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വെറും നാടകമാണെന്നും പാര്‍ട്ടി അനുകൂലികള്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇമ്രാന്റെ പരാമര്‍ശം.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷഖാന ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നല്‍കാതെ സ്വന്തമായി വിനിമയം ചെയ്‌തെന്ന കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസെത്തിയത്. എന്നാല്‍ കേസില്‍ കീഴടങ്ങില്ലെന്നും വരുന്ന മാര്‍ച്ച് 18ന് നേരിട്ട് കോടതിയില്‍ ഹാജരാകാമെന്നുമാണ് ഇമ്രാന്റെ നിലപാട്.

Content Highlight: Lahore high court stays imran khan arrest