450 മിനിട്ടുകള്‍!! മെസി സംഘത്തിന് പോലുമില്ലാത്ത നേട്ടവുമായി എല്‍. എ. എഫ്. സി
Football
450 മിനിട്ടുകള്‍!! മെസി സംഘത്തിന് പോലുമില്ലാത്ത നേട്ടവുമായി എല്‍. എ. എഫ്. സി
ഫസീഹ പി.സി.
Sunday, 22nd March 2026, 10:45 am

അമേരിക്കന്‍ മേജര്‍ ലീഗില്‍ (എം. എല്‍. എസ്) കുതിപ്പ് തുടര്‍ന്ന് ലോസ് ഏഞ്ചല്‍സ് എഫ്.സി. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ സൗത്ത് കൊറിയന്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിന്റെ ടീം സമനില സ്വന്തമാക്കി. ഓസ്റ്റിനുമായി നടന്ന മത്സരത്തില്‍ ഇരുടീമുകളും ഗോളടിക്കാതെ പിരിയുകയായിരുന്നു.

വിജയിച്ചില്ലെങ്കിലും ലോസ് ഏഞ്ചല്‍സ് എഫ്.സി ഒരു സൂപ്പര്‍ നേട്ടമാണ് തങ്ങളുടെ പേരില്‍ എഴുതി കുറിച്ചത്. ഈ സീസണില്‍ ഇതുവരെ പരാജയപ്പെടാത്ത അമേരിക്കന്‍ ക്ലബ്ബ് ഒരിക്കല്‍ പോലും ഗോള്‍ വഴങ്ങിയിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ടീം ഗോള്‍ വഴങ്ങാതെ ഇതുവരെ കളിച്ചത് 450 മിനിട്ടുകളാണ്.

ഓസ്റ്റിനെതിരായ മത്സരത്തിൽ കളിക്കുന്ന എൽ.എ.എഫ്.സി താരങ്ങൾ. Photo: fieldlevelmedia

ഇതോടെ എം.എല്‍.എസില്‍ സീസണിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ നേരം ഗോള്‍ വഴങ്ങാത്ത ടീം എന്ന റെക്കോഡ് എല്‍. എ. എഫ്. സി തങ്ങളുടെ പേര് എഴുതി ചേര്‍ത്തു. മെസിയും സുവാരസും ഡി പോളും എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഇന്റര്‍ മയാമിക്കും ഒപ്പം മറ്റ് ടീമുകള്‍ക്കും സാധിക്കാത്ത നേട്ടമാണ് ടീം സ്വന്തമാക്കിയത്.

ഈ സീസണില്‍ എല്‍. എ. എഫ്. സി ഇന്റര്‍ മയാമിയെയാണ് ആദ്യം നേരിട്ടത്. ആ മത്സരത്തില്‍ ടീം ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ഹ്യൂസ്റ്റണ്‍ ഡൈനാമോ എഫ്.സിയാണ് അടുത്ത മത്സരത്തിന് ടീമിന് മുന്നിലെത്തിയത്. ഇതില്‍ രണ്ട് ഗോളിന് ക്ലബ്ബ് ജയിച്ച് മൂന്ന് പോയിന്റും മറ്റൊരു ക്ലീന്‍ ഷീറ്റും നേടിയെടുത്തു.

എൽ. എ എഫ്. സിയും ഇന്റർ മയാമിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. Photo: Goal

പിന്നീട് എഫ്.സി ഡല്ലാസാണ് ടീമിന്റെ എതിരാളികളായി കളത്തിലെത്തിയത്. ആ മത്സരത്തിലും എല്‍. എ. എഫ്. സി വിജയം ആവര്‍ത്തിച്ചു. ഇത്തവണ ഒരു ഗോളിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്.

അതിന് ശേഷം സെന്റ് ലൂയിസും ഇപ്പോള്‍ ഓസ്റ്റിനും എല്‍. എ. എഫ്.സിയെ നേരിടാനെത്തി. സെന്റ് ലൂയിസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച ടീം ഓസ്റ്റിനെതിരെ സമനിലയും വഴങ്ങി. അതോടെ ഗോള്‍ വഴങ്ങാത്ത തങ്ങളുടെ സ്ട്രീക്ക് നിലനിര്‍ത്തി.

Content Highlight: LAFC holds the record of longer without conceding goals in the start of  MLS

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി