ന്യൂദല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് അറസ്റ്റില്‍. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാത കേന്ദ്രത്തിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലേ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഡാക്ക് സംഘര്‍ഷത്തിന് കാരണം സോനം വാങ്ചുക്കാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയില്‍ നടത്തിയ നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയത് വാങ്ചുക്കായിരുന്നു.
ലഡാക്കില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ മരിക്കുകയും 90ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്കും 15ഓളം പേരും നടത്തിയ നിരാഹാര സമരമാണ് പിന്നീട് ബന്ദിലേക്കും പ്രതിഷേധ സമരങ്ങളിലേക്കും നീങ്ങിയത്.
പ്രതിഷേധക്കാരും പൊലീസും നടത്തിയ ഏറ്റുമുട്ടലിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ സി.ആര്‍.പി.എഫിന്റെ വാഹനം കത്തിക്കുകയും ബി.ജെ.പിയുടെ പ്രദേശിക ഓഫീസിന് തീവെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, പൊലീസ് വെടിവെപ്പിലാണ് നാല് മരണങ്ങളുണ്ടായതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.
നേരത്തെ സോനം വാങ്ചുക്ക് സംഘര്‍ഷം നടത്താനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു. വാങ്ചുക്കിന്റെ എന്‍.ജി.ഒക്ക് എതിരെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.