എങ്ങോട്ടാണ് ഹെ ഇത്ര ധൃതിയില്‍? പോയിട്ട് ഇച്ചിരി പണിയുണ്ട് ട്ടാ! | Trollodu Troll | K Rail
അനുഷ ആന്‍ഡ്രൂസ്

കേരളത്തില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ഏറ്റവുമധികം ചെലവും, ഗൗരവവുമേറിയ പദ്ധതിയാണ് കെ റെയില്‍. 200 കിലോമീറ്റര്‍ വേഗതയില്‍, സംസ്ഥാനത്തിന്റെ വടക്കും തെക്കും അറ്റങ്ങള്‍ക്കിടയിലുള്ള ഗതാഗതം സാധ്യമാക്കാന്‍ ഈ പദ്ധതിക്ക് കഴിയും. നിലവില്‍ 12 മണിക്കൂര്‍ വേണ്ടി വരുന്ന യാത്ര, കെ റെയില്‍ വരുന്നതോടെ 4 മണിക്കൂര്‍ മാത്രമായി കുറയും.

അതുകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട ഏറ്റവും വിശദമായ ചര്‍ച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കിടയിലും, വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും, പൊതുജനങ്ങള്‍ക്കിടയിലും നടക്കേണ്ടതുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങളെ കൂടി കണക്കിലെടുക്കുന്ന സര്‍വേകള്‍ നടത്തിയും ജനഹിത റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയും പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പൊതുസമക്ഷം കൊണ്ടുവരാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. മെച്ചപ്പെട്ട ഒരു ജനാധിപത്യ സംവിധാനത്തില്‍ നടക്കേണ്ടതും അതാണ്.

എന്നാല്‍ ഇവിടെ നടക്കുന്നതോ… അങ്ങോട്ടുമിങ്ങോട്ടും പൂരത്തെറിവിളി. ഒരു വികസന പദ്ധതിയുടെ പേരില്‍ സമൂഹത്തില്‍ വലിയ ഭിന്നിപ്പുണ്ടാകുന്ന അവസ്ഥ. സോഷ്യല്‍ മീഡിയയില്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ആളുകളെ കളിയാക്കാനും, വ്യക്തിപരമായ കണക്കുകള്‍ തീര്‍ക്കാനും, എതിരാളികളെ താറടിക്കാനുമൊക്കെയുളള ഒരു വിഷയം മാത്രമായി മാറിയിരിക്കുകയാണ് കെ റെയില്‍.

രാഷ്ട്രീയമായ, ക്രിയാത്മകമായ, വസ്തുതാധിഷ്ഠിതമായ വിമര്‍ശനങ്ങള്‍ നിരത്തി മാത്രം തങ്ങളുടെ വാദങ്ങള്‍ ഉയര്‍ത്തേണ്ട സര്‍ക്കാരും പ്രതിപക്ഷവും പരിസ്ഥിതിസ്നേഹികളും, തീരെ നിലവാരമില്ലാത്ത, അരാഷ്ട്രീയമായ, അസംബന്ധമായ, എല്‍.പി സ്‌കൂള്‍ അടിപിടിയിലേക്ക് മാറിയിട്ടുണ്ട്.

വികസനം, വിഭവ വിനിയോഗം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ലോകമാസകലം വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. അതായത് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ കുറച്ചുകൊണ്ട് ജനങ്ങളുടെ ജീവിതാന്തരീക്ഷത്തെയും, അടിസ്ഥാന സൗകര്യങ്ങളെയുമൊക്കെ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വന്‍കിട വികസന പദ്ധതികള്‍ നടപ്പിലാക്കുന്ന സുസ്ഥിര വികസന മോഡലുകള്‍ ധാരാളമുണ്ട്.

എന്ത് ചെയ്യാനാണ്. നമ്മുടെ നാട്ടിലിപ്പോഴും രണ്ട് കൂട്ടരേ ഉള്ളൂ. പരിസ്ഥിതി എന്ന് കേട്ടാല്‍ ഉടന്‍ വാളെടുക്കുന്ന ഒരു ടീമും. അപ്പുറത്ത് അരുതേ, മലകളെ നോവിക്കരുതേ, ശലഭങ്ങളുടെ ശാപമേറ്റുവാങ്ങരുതേ, ഹേ കാട്ടാളാ! ഭൂമി ദേവിയുടെ മാറ് പിളര്‍ക്കരുതേ.. എന്ന് പറയുന്ന സോ കോള്‍ഡ് പരിസ്ഥിതി കാല്‍പനികരും.

ലോകം മാറുകയാണ്. പണ്ട് ദേശീയപാത വരുന്നു എന്ന് കേട്ടപ്പോള്‍, കാട്… മാട്… അരുവി… കുരുവി… എന്നൊക്കെ പറഞ്ഞ് വികസനത്തെ എതിര്‍ത്തവരെ വകവെക്കാതെയാണ് ഇന്ന് നാം സഞ്ചരിക്കുന്ന റോഡും റെയില്‍വേയും എല്ലാം തന്നെ ഉണ്ടായിട്ടുള്ളത്.

അതേസമയം ഇത്ര അടിയന്തരമായി നടപ്പിലാക്കേണ്ടത് കെ റെയിലാണോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

63,941 കോടി രൂപയാണ് ഡി.പി.ആര്‍ എസ്റ്റിമേറ്റ് അനുസരിച്ച് നിലവില്‍ കെ റെയിലിന്റെ ചിലവ്. 2026ഓടെ പദ്ധതി പൂര്‍ത്തിയാക്കാം എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത കെ റെയില്‍ പദ്ധതിക്കുണ്ട്. മാത്രമല്ല പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ 90 ശതമാനവും സ്വകാര്യ ഭൂമിയാണ്. അതുകൊണ്ട് തന്നെ ആളുകളെ ഈ പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കുക എന്നത് വളരെ സെന്‍സിറ്റീവായ കാര്യമാണ്. പരമ്പരാഗതമായി ജീവിക്കുന്ന ഭൂമിയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോകേണ്ടി വരുന്ന മനുഷ്യരുടെ നഷ്ടം അക്കങ്ങളില്‍ മാത്രം നില്‍ക്കുന്നതല്ല.

അതുകൊണ്ട് തന്നെ എന്തിനാണിത്ര ധൃതി? എന്ന ചോദ്യം കെ റെയിലിന്റെ മഞ്ഞകുറ്റികള്‍ കുഴിച്ചിടുന്ന കാര്യത്തിലും ആകാവുന്നതാണ്. ജനങ്ങളുടെ സംശയങ്ങള്‍ പരിഹരിച്ചിട്ടുണ്ടോ? അവരുടെ ആശങ്കകള്‍ കേട്ടു കഴിഞ്ഞോ? അവര്‍ക്ക് വേണ്ട വിശദീകരണങ്ങള്‍ കൊടുത്തു കഴിഞ്ഞോ? മാതൃകാപരമായ പുനരധിവാസ പദ്ധതി തയ്യാറാക്കികഴിഞ്ഞോ? ഇതൊന്നും പൂര്‍ത്തിയാക്കാതെ കുടിയൊഴിപ്പിക്കപ്പെടേണ്ടവരുടെ വീടുകളില്‍ ചെന്ന് അവരെ ഭയപ്പെടുത്തികൊണ്ടുള്ള മഞ്ഞ കുറ്റി സ്ഥാപിക്കല്‍ ഇത്ര ധൃതിയില്‍ നടപ്പിലാക്കുന്നത് എന്തിനാണ്.

ഡി.പി.ആര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ അനുസരിച്ച് കെ റെയിലുമായി ബന്ധപ്പെട്ട് ഒരു തട്ടികൂട്ട് പരിസ്ഥിതി പഠനം മാത്രമാണ് നടന്നിട്ടുള്ളത്. അതുകൊണ്ട് ശരിയായി പഠിക്കാതെ, അത് ജനങ്ങളെ ബോധ്യപ്പെടുത്താതെ, വ്യക്തത ഇല്ലാതെ ആരോടോ വാശി തീര്‍ക്കുന്ന പോലെ ചെയ്യേണ്ട കാര്യങ്ങളല്ല ഒരു വികസനവും.

വാദ പ്രതിവാദങ്ങളെല്ലാം തന്നെ വസ്തുതകള്‍ നിരത്തികൊണ്ടാവണം. അല്ലാതെ അവന്‍ പിച്ചി, ഇവന്‍ മാന്തി, എന്ന് പറഞ്ഞുകൊണ്ടാകരുത്. വ്യക്തമായ വസ്തുതകള്‍ വെച്ചുകൊണ്ട് കെ റെയിലിന് എതിരായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സൈബര്‍ അണികളുടെ ആക്രമണം ഇല്ലാത്തതും അതുകൊണ്ടാണ്. കാരശ്ശേരിയുടെ ജര്‍മന്‍ യാത്രയുടെ ഫോട്ടോയും, സി.ആര്‍. നീലകണ്ഠന്‍ ബിയര്‍ കുടിക്കുന്ന ഫോട്ടോയുമൊക്കെ തപ്പിപ്പോയി കൊണ്ടുവന്നവര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ റെയിലിനെ എതിര്‍ത്ത് ലേഖനമെഴുതിയ ഇടതുപക്ഷക്കാരായ ആര്‍.വി.ജി. മേനോനും, ടി.പി. കുഞ്ഞിക്കണ്ണനുമെതിരെ ഒന്നും പറഞ്ഞുകണ്ടിട്ടില്ല.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസനം ജനകീയമായ പിന്തുണയോടെ നടക്കേണ്ടതാണ്. കുടിയൊഴുപ്പിക്കപ്പെടുന്നവരുടെ ഒരു പേടി സ്വപ്നം എന്ന നിലയില്‍ അത് അവതരിപ്പിക്കപ്പെടരുത്. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളിലൂടെ സി.പി.ഐ.എം അവരുടെ തന്നെ ചരിത്രത്തെയാണ് തള്ളിപറയുന്നത്.

പ്രളയത്തിന്റെ കെടുതിയില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. കേരളത്തിന്റെ മലയോര മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും വനമേഖലയിലും താമസിക്കുന്ന ഒട്ടനേകം പ്രളയബാധിത കുടുംബങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിട്ട് ഇന്നും തുടരുന്നുണ്ട്. കേരളത്തില്‍ എക്കാലവും വലിയ പ്രതിസന്ധിയായി തുടരുന്ന തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളുടെ ആഘാതം പ്രളയങ്ങളും മറ്റു ദുരന്തങ്ങളും കൂട്ടിയിട്ടുണ്ട്. കെ റെയിലിന്റെ കൂട്ടത്തില്‍ അവിടേക്കും ഒരു ശ്രദ്ധ വേണ്ടതാണ്.

അതുകൊണ്ട് കെ റെയില്‍ വിഷയത്തിലും ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അതിനു വേണ്ടിയുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടത്. അല്ലാതെ ഇതൊരുമാതിരി! ഇവന്‍ തോണ്ടി, അവന്‍ തോണ്ടി, അയ്യേ.


Content Highlight: lack of constructive criticism and valid arguments over k rail disputes

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.