'നോട്ടുനിരോധിച്ചപ്പോള്‍ ജോലിയുമില്ല, കയ്യില്‍ പണവുമില്ല; അമ്പലത്തിലെ ഭിക്ഷ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്' ഗുജറാത്തിലെ കൂലിപ്പണിക്കാര്‍ പറയുന്നു
Daily News
'നോട്ടുനിരോധിച്ചപ്പോള്‍ ജോലിയുമില്ല, കയ്യില്‍ പണവുമില്ല; അമ്പലത്തിലെ ഭിക്ഷ കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്' ഗുജറാത്തിലെ കൂലിപ്പണിക്കാര്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 1:37 pm

meals
അഹമ്മദാബാദ്: നോട്ടുനിരോധനം തങ്ങളെ പട്ടിണിയിലാക്കിയെന്ന് കൂലിവേല ചെയ്തു ജീവിക്കുന്ന ഗുജറാത്തിലെ തൊഴിലാളികള്‍. മോദി സര്‍ക്കാറിന്റെ തീരുമാനം കാരണം ജോലിയുമില്ല, കൂലിയുമില്ല എന്ന അവസ്ഥയിലായെന്നും തൊഴിലാളികള്‍ പറയുന്നു.

മൂന്നു കുട്ടികളുടെ അച്ഛനായ 60 കാരന്‍ ഹര്‍ജീവന്‍ ധുലേറ പറയുന്നത് അമ്പലത്തില്‍ നിന്നും കിട്ടുന്ന ഭിക്ഷകഴിച്ചാണ് ഇപ്പോള്‍ താനും കുടുംബവും ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ്. നിര്‍മാണ തൊഴിലാളിയാണ് ഹര്‍ജീവന്‍.

” പണമില്ലാത്തതിനാല്‍ ഞാനും കുട്ടികളും ചാകുദിയ മധേവ് ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന സൗജന്യ ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.” അദ്ദേഹം പറയുന്നു.

ആരവല്ലി ജില്ലയിലെ കര്‍ഷകയായ ഷാര്‍ദ ഝാല പറയുന്നത് നോട്ടുനിരോധനത്തിനുശേഷം 20 ദിവസം മാത്രമാണ് ജോലി ചെയ്തത് എന്നാണ്. അതും പകുതി കൂലിയായ 100രൂപയ്ക്ക്. അതോടെ ഭക്ഷണം ഒരുനേരമാക്കി ചുരുക്കിയിരിക്കുകയാണെന്നും അവര്‍ പറയുന്നു. “ഒരു റൊട്ടിയും ഉള്ളിയും പച്ചമുളകും ഒരു നേരം കഴിക്കും. അത്രമാത്രം. ഈ സ്ഥിതി മാറിയില്ലെങ്കില്‍ ഇനി പട്ടിണി കിടക്കേണ്ടിവരും” അവര്‍ പറയുന്നു.

മകന് സ്‌കൂളിലേക്കു പോകാനുള്ള യാത്രാ ചിലവിനുപോലും പണമില്ലാതായി. അവനിപ്പോള്‍ വീട്ടില്‍ തന്നെ ഇരിക്കുകയാണെന്നും അവര്‍ പറയുന്നു.

“ഭര്‍ത്താവിന് പണിക്കുപോകാന്‍ കഴിയില്ല. ഞാന്‍ അധ്വാനിക്കുന്നതു കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. അടുത്തിടെ ഒരു പശുവിനെ വാങ്ങാന്‍ലോണെടുത്തിരുന്നു. ഞങ്ങളുടെ ജീവിതം വഴിമുട്ടിയതോടെ അതിന്റെ ഭക്ഷണവും വെട്ടിച്ചുരുക്കി” അവര്‍ പറയുന്നു.


Don”t Miss:‘നിങ്ങള്‍ കൊന്നയാളുടെ മയ്യത്ത് നിസ്‌കാരം കഴിയുംവരെയെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കൂ’ കശ്മീരിലെ ഒരു പള്ളിയില്‍ നിന്നുണ്ടായ വിളംബരം


നോട്ടുനിരോധനം തീരുമാനം പ്രഖ്യാപിച്ച് 50 ദിവസത്തിനുള്ളില്‍ രണ്ടു ദിവസം മാത്രമാണ് പണി ലഭിച്ചതെന്നാണ് അമരാവതിയിലെ കൂലിപ്പണിക്കാരനായ വാല്‍ജി ഗാരസര്‍ പറയുന്നത്.

” നോട്ടുനിരോധനത്തിനുശേഷം വെറും 750രൂപയാണ് ഞാനുണ്ടാക്കിയത്. മക്കള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ പോലും കഴിയുന്നില്ല. മറ്റുചില  പണികള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. സ്ഥിതി മാറിയില്ലെങ്കില്‍ ഞങ്ങള്‍ മുഴുപ്പട്ടിണിയിലാവും.” അദ്ദേഹം വ്യക്തമാക്കി.

പച്ചക്കറി വില്പനക്കാരിയ ശാന്ത പാര്‍മര്‍ പറയുന്നത് നോട്ടുനിരോധനത്തിനുശേഷം വരുമാനത്തില്‍ 65% കുറവുണ്ടായി എന്നാണ്.

“എന്റെ ദിവസവരുമാനം 500-600 എന്നതില്‍ നിന്നും 150രൂപയായി കുറഞ്ഞു. ശ്രവണവൈകല്യമുള്ള മകളുടെ സ്‌കൂള്‍ പഠനം മുടങ്ങിയിരിക്കുകയാണ്.” അവര്‍ പറയുന്നു. അതേസമയം പട്ടിണിയിലായ തന്റെ അയല്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ ഭാഗ്യവതിയാണെന്നും അവര്‍ പറയുന്നു.

അസംഘടിത മേഖലയിലെ ചൂഷണം തടയാന്‍ കറന്‍സി രഹിത ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഡിസംബര്‍ 25നു നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ തങ്ങള്‍ “കാഷ്‌ലസ്” സമൂഹമായി മാറാന്‍ അധികമൊന്നും വൈകേണ്ടെന്നാണ് ഗുജറാത്തിലെ ഈ തൊഴിലാളികള്‍ ഒന്നടങ്കം പറയുന്നത്.