ലണ്ടന്‍: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറോട് കൂടുതല്‍ ആവശ്യങ്ങളുന്നയിച്ച് ലിവര്‍പൂളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി.
ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ലിവര്‍പൂളില്‍ നടക്കാനിരിക്കെയാണ് പൊതുജനങ്ങള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി തെരുവില്‍ സംഘടിപ്പിച്ചത്. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത പ്രതിഷേധക്കാര്‍ അതുമാത്രം പോരെന്നും ഫലസ്തീന് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ലിവപൂളില്‍ നടക്കുക.
ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ നടപടിയെടുക്കാതെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതുകൊണ്ട് ഒരു ഫലവുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറോട് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഫലസ്തീന്‍ ആക്ഷനെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പ്രതിഷേധക്കാര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
സര്‍ക്കാരിന്റെ നിയമനിര്‍മാണ അധികാരത്തിന്റെ മോശമായ ഉദാഹരണമാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇസ്രഈലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഗസയിലെ പട്ടിണി അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കണം, ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടി ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ലേബര്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവും ലണ്ടന്‍ മേയറുമായ സാദിഖ് ഖാന്‍ ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.
ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുകയും പരമാധികാരമുള്ള ഫലസ്തീന്‍ രാഷ്ട്ര നിര്‍മാണത്തിനായി ആവശ്യമുന്നയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ലേബര്‍ പാര്‍ട്ടി.
Content Highlight: There is still more to be done for Palestine; Palestine solidarity rally in Liverpool during the Labour Party conference