കെയര്‍ സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പരാമര്‍ശം; വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി എം.പി
World News
കെയര്‍ സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പരാമര്‍ശം; വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 2:37 pm

ലണ്ടന്‍: യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടിയിലെ കറുത്ത വര്‍ഗക്കാരിയായ എം.പി ബെല്‍ റിബെയ്റോ-അഡി. സ്റ്റാര്‍മറിന്റെ വാക്കുകള്‍ വംശീയ കലാപങ്ങള്‍ക്ക് കാരണമാകുമെന്നും വിന്‍ഡ്റഷ് അഴിമതിയുടെ അനീതികള്‍ ആവര്‍ത്തിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

സ്റ്റാര്‍മറിന്റെ വാക്കുകള്‍ വംശീയതയെ ആളിക്കത്തിക്കുകയും തീവ്ര വലതുപക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് റിബെയ്റോ-അഡി ചൂണ്ടിക്കാട്ടി. ലണ്ടനിലെ വലിയ ആഫ്രോ-കരീബിയന്‍ സമൂഹങ്ങളിലൊന്നായ ബ്രിക്സ്റ്റണ്‍ ഹില്ലിലെ എം.പി കൂടിയാണ് റിബെയ്റോ-അഡി.

‘ഈ രാജ്യത്ത് ധാരാളം കുടിയേറ്റക്കാര്‍ ഉണ്ടെന്ന് ആളുകള്‍ പറയുമ്പോള്‍, അവര്‍ എന്നെപ്പോലുള്ളവരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നാം ഓര്‍ക്കണം,’ അവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ റിഫോം യു.കെയുടെ മുന്നേറ്റം ലേബര്‍ പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്. സാമൂഹികമായി യാഥാസ്ഥിതിക വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ സ്റ്റാര്‍മര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇത് ലേബര്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരെ അകറ്റാനും പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാനും കാരണമാകുമെന്ന് റിബെയ്റോ-അഡി ആശങ്കപ്പെട്ടു.

‘കുടിയേറ്റ നിയമനിര്‍മാണം മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയത് ആളുകളുടെ ജീവിതത്തെ നശിപ്പിച്ചിട്ടുണ്ട്. വിന്‍ഡ്റഷില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചു എന്ന് നമ്മള്‍ പറഞ്ഞു. എന്നാല്‍ വീണ്ടും അതേ കാര്യങ്ങളാണ് സംഭവിക്കുന്നത്,’ റിബെയ്റോ-അഡി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്പോര്‍ട്ടില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടന്ന കലാപങ്ങളുടെ ആവര്‍ത്തനത്തിലേക്ക് സ്റ്റാര്‍മറിന്റെ വാക്കുകള്‍ നയിച്ചേക്കാമെന്നും അവര്‍ ഭയപ്പെടുന്നു. കുടിയേറ്റ സമൂഹങ്ങളെ കുറ്റപ്പെടുത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് ആക്രമണങ്ങള്‍ക്കും പൊലീസുമായുള്ള ഏറ്റുമുട്ടലുകള്‍ക്കും തീവ്ര വലതുപക്ഷ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.

സ്റ്റാര്‍മറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ലേബര്‍ പാര്‍ട്ടിയിലെ മറ്റ് എം.പിമാരും രംഗത്ത് വന്നിട്ടുണ്ട്. ക്ലൈവ് ലൂയിസ്, സാറാ സുല്‍ത്താന, സാദിഖ് ഖാന്‍, റിച്ചാര്‍ഡ് ബര്‍ഗണ്‍ എന്നിവര്‍ സ്റ്റാര്‍മറിനെ വിമര്‍ശിച്ചു. സ്റ്റാര്‍മറിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ ലേബര്‍ പാര്‍ട്ടിയില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ യു.കെ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള സ്റ്റാര്‍മറിന്റെ സമീപകാല പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. യു.കെ ‘അപരിചിതരുടെ ഒരു ദ്വീപായി’ മാറാന്‍ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം, 1968-ലെ എനോക്ക് പവലിന്റെ വിവാദപരമായ ‘റിവേഴ്സ് ഓഫ് ബ്ലഡ്’ പ്രസംഗവുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. വെള്ളക്കാര്‍ ‘സ്വന്തം രാജ്യത്ത് അപരിചിതരായി മാറുന്ന’ ഒരു ഭാവിയെക്കുറിച്ച് പവല്‍ ആശങ്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമര്‍ശനം.

Content Highlight: Labour MP criticizes Keir Starmer’s remarks against immigration policies