അബിന്‍ പൊന്നപ്പന്‍
അബിന്‍ പൊന്നപ്പന്‍
Labour Exploitation
കേരളത്തിലെ മാധ്യമമേഖലയില്‍ നടക്കുന്നത് കടുത്ത തൊഴില്‍ചൂഷണം: ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി
അബിന്‍ പൊന്നപ്പന്‍
Thursday 23rd November 2017 4:28pm

തിരുവനന്തപുരം: കേരളത്തിലെ മാധ്യമ രംഗത്ത് നടക്കുന്നത് കടുത്ത തൊഴില്‍ ചൂഷണമെന്ന് പരാതി. പ്രമുഖ മലയാളം വാര്‍ത്താ മാധ്യമങ്ങളായ റിപ്പോര്‍ട്ടര്‍ ചാനല്‍, മാധ്യമം, ജയ്ഹിന്ദ്, ജീവന്‍ ടി.വി, മംഗളം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നെല്ലാം ഇത്തരം പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നുമായിരുന്നു ആദ്യം ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ചാനലിലെ തൊഴിലാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ഇത്തരം അനുഭവങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറത്തായത്.

മൂന്ന് മാസമോ അതില്‍ കൂടുതലോ ആയി വേതനം മുടങ്ങി കിടക്കുന്നവരായിരുന്നു റിപ്പോര്‍ട്ടര്‍ ചാനലിലെ മിക്ക മാധ്യമപ്രവര്‍ത്തകരെന്നാണ് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോടു വെളിപ്പെടുത്തിയത്. അതില്‍ സീനിയര്‍ മാധ്യമപ്രവര്‍ത്തകരും ട്രെയിനികളും ഉള്‍പ്പെടും. ഒന്നോ രണ്ടോ മാസം കൂടുമ്പോഴാണ് ശമ്പളം ലഭിക്കുന്നതെന്നും രണ്ട് മാസത്തെ കുടിശ്ശിക ബാക്കിയുണ്ടായിരുന്നുവെന്നും പേരു വെളിപ്പെടുത്താനാകാത്ത റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

 

പലപ്പോഴും വീട്ടു ചെലവടക്കം മുന്നോട്ട് കൊണ്ടു പോകാന്‍ കടം വാങ്ങേണ്ടി വരുമെന്നും പിന്നീട് അത് വീട്ടാന്‍ പോലും സാധിക്കാതെ കഷ്ടപ്പെടാറുണ്ടെന്നും മുമ്പ് റിപ്പോര്‍ട്ടറില്‍ ജോലി ചെയ്തിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ദിവസച്ചിലവിനുപോലും വീട്ടുകാരുടെ മുമ്പില്‍ കൈനീട്ടേണ്ട അവസ്ഥയാണെന്നും നാപ്കിന്‍ വാങ്ങാന്‍ പോലും കാശില്ലാതെ വലയുകയാണെന്നും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിട്ട കുറിപ്പ് വാര്‍ത്തയായതോടെ മാനേജ്മെന്റ് ഇടപെടുകയും ഇതുവരെയുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തതായും സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചാനലിലെ തൊഴിലാളി പറയുന്നു. പക്ഷെ, ചാനലിന്റെ എറണാകുളം കളമശ്ശേരിയുള്ള ഡെസ്‌കിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചതെന്നും ബ്യൂറോകളിലുള്ളവരില്‍ പലര്‍ക്കും ഇപ്പോഴും അര്‍ഹമായ ശമ്പളം കുടിശ്ശിക തീര്‍ത്ത് നല്‍കിയിട്ടില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായത്.

ഒരിക്കല്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലെ മുന്‍ സ്റ്റാഫ് പറയുന്നത് ഇങ്ങനെയാണ്.’ ഒരു ദിവസം ചാനലിലേക്ക് ഒരു കോള്‍ വന്നു. ചോദിച്ചപ്പോള്‍ വാര്‍ത്ത കൊടുക്കാനാണെന്ന് പറഞ്ഞു. എന്തു വാര്‍ത്തയാണെന്ന് ചോദിച്ചപ്പോള്‍, പൊലീസുകാര്‍ക്ക് അഞ്ച് ദിവസമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നായിരുന്നു മറുപടി. ഓര്‍ക്കണം രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിയിരിക്കുമ്പോഴാണ് അയാള്‍ അഞ്ച് ദിവസം വൈകിയതിനെ കുറിച്ച് പറയുന്നത്.’

ശമ്പളം വൈകുന്നതിനെ കുറിച്ച് ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടുമ്പോള്‍ അടുത്ത ദിവസം തരാം അല്ലെങ്കില്‍ അടുത്ത ആഴ്ച തരാം എന്നൊക്കെ പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയാണ് പതിവെന്നും പിന്നീട് ജി.എസ്.ടി നടപ്പാക്കിയതോടെ അതും ശമ്പളം വൈകാനുള്ള കാരണമായി മാറ്റിയെന്നും അവര്‍ പറയുന്നു. താരതമ്യേന കുറഞ്ഞ ശമ്പളം നല്‍കിയാല്‍ മതിയെന്ന കാരണത്താല്‍ റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് അനുഭവ സമ്പത്തുള്ളവരെ ജോലിക്ക് എടുക്കാറില്ലെന്നും പകരം പുതുമുഖങ്ങളെയാണ് എടുക്കാറുള്ളതെന്നും ആരോപണമുണ്ട്.

 

മാധ്യമം പത്രത്തില്‍ നിന്നും കഴിഞ്ഞദിവസം സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം വൈകിപ്പിക്കുകയാണെന്ന പരാതിയുമായി മാധ്യമം പത്രത്തിലെ ജേണലിസ്റ്റ് യൂണിയനും തൊഴിലാളി യൂണിയനും രംഗത്തുവന്നിരുന്നു. ഭരണതലത്തിലെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാന്‍ ഇടയാക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

വിഷയത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച് മാധ്യമത്തിന്റെ മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ശമ്പളം മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സ്ഥിതിയില്‍ പെട്ടെന്ന് മാറ്റം വരുത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ദിവസം കഴിയുംതോറും പ്രശ്‌നം രൂക്ഷമായി വരികയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

നോട്ടുനിരോധനം വന്നത് ശമ്പള വിതരണത്തെ ബാധിച്ചുവെന്നാണ് മാനേജ്‌മെന്റ് പറയുന്നതെന്നും എന്നാല്‍ നോട്ടുനിരോധനം ഏകദേശം ഒരു വര്‍ഷമാകാറായപ്പോഴാണ് ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടായതെന്നും ‘മാധ്യമ’ത്തിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിനോട്് പറഞ്ഞു.

‘ ഒരു വര്‍ഷം മുന്‍പാണ് നോട്ടുനിരോധനം നടപ്പാക്കിയത്. നോട്ടുനിരോധനത്തിന്റെ അടുത്തുള്ള ദിവസങ്ങളിലൊന്നും ശമ്പള വിതരണത്തില്‍ കാര്യമായ വീഴ്ച സംഭവിച്ചിരുന്നില്ല. എന്നാല്‍ നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിനടുപ്പിച്ചാണ് ശമ്പളം ലഭിക്കാതായത്.’ അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റ്ിന്റെ പിടിപ്പുകേടാണ് സ്ഥിതി ഇത്രയും രൂക്ഷമാക്കിയത്. ജി.എസ്.ടി വരുന്നത് നേരത്തെ അറിയാമായിരുന്നിട്ട് കൂടി അതുമൂലമുണ്ടാകുന്ന പ്രശ്‌നം മറികടക്കാന്‍ കഴിയാത്തത് വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കാനാകുമെന്ന് ഉറച്ച ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍ ടാഗ് ബഹിഷ്‌കരണം തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിട്ടും ചരക്കുസേവന നികുതി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ മാന്ദ്യത്തെ തുടര്‍ന്നു പരസ്യവരുമാനത്തിലുണ്ടായ ഇടിവും ഗള്‍ഫിലെ സ്വദേശിവത്കരണം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കവും മറ്റും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് ശമ്പള വിതരണം നീട്ടിക്കൊണ്ടുപോവുന്നതു തുടരുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സ്ഥാപനത്തിലെ തൊഴില്‍ ചൂഷണത്തിനെിതിരെ മംഗളം ചാനലിലെ തൊഴിലാളികള്‍ നവംബര്‍ 12ന് സമര രംഗത്തേക്ക് ഇറങ്ങിയിരുന്നു. ഒരുവര്‍ഷം മുമ്പായിരുന്നു ചാനല്‍ ആരംഭിച്ചത് അന്നു മുതല്‍ ജോലിയില്‍ പ്രവേശിച്ച പലര്‍ക്കും ഇന്നും അപ്പോയിന്‍മെന്റ് ലെറ്ററോ കണ്‍ഫര്‍മേഷന്‍ ലെറ്ററോ ലഭിച്ചിട്ടില്ല. ഇതാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചതെന്ന് മംഗളം ചാനലിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാധ്യമ പ്രവര്‍ത്തക ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അപ്പോയിന്‍മെന്റ് ലെറ്റര്‍ പോലും ലഭിച്ചിട്ടില്ല എന്നത് തങ്ങളുടെ തൊഴിലിനെ ആശങ്കയിലാക്കുന്നതാണെന്നും ഏതു നിമിഷം പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കാന്‍ വരെ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് നടന്ന സമരത്തില്‍ സീനിയര്‍ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ ഓഡിയോ, പ്രൊഡക്ഷന്‍ വിഭാഗങ്ങളിലെ തൊഴിലാളികളും പങ്കെടുത്തിരുന്നു. അപ്പോയിന്‍മെന്റ്, കണ്‍ഫര്‍മേഷന്‍ ലെറ്ററുകള്‍ വേഗത്തില്‍ നല്‍കുക എന്നതായിരുന്നു സമരത്തിന്റെ മുഖ്യ ആവശ്യം.

സമരത്തെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനം ഒരു ദിവസം നിലച്ചിരുന്നു. ഇതോടെ സമരക്കാരുടെ ആവശ്യം മാനേജുമെന്റ് അംഗീകരിക്കാന്‍ തയ്യാറായി. നവംബര്‍ 30ാം തിയ്യതിയോടെ സമരക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കാമെന്ന് മാനേജുമെന്റ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മംഗളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

ചാനലിന്റെ സി.ഒ.ഒയ്ക്കെതിരെയും സമരക്കാര്‍ ആരോപണമുന്നയിച്ചിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോടടക്കം അപമര്യാദയായി പെരുമാറുന്നുവെന്നും സ്ഥാപനത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോടും മറ്റ് തൊഴിലാളികളേയും അധിക്ഷേപിക്കുവെന്നുമായിരുന്നു ആരോപണം.

സി.ഇ.ഒ ചാനലില്‍ അനധികൃത നിയമം നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതിലൂടെ താരതമ്യേന അനുഭവ സമ്പത്തും അര്‍ഹതയും കുറഞ്ഞവര്‍ക്ക് സീനിയര്‍ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ കൂടുതള്‍ വേതനം നല്‍കുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. സി.ഇ.ഒയെ പുറത്താക്കുക എന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ട് വച്ചിരുന്നു. തുടര്‍ന്ന് മംഗളം ചാനലിലെ സി.ഒ.ഒ സുനിതാ ദേവദാസ് രാജിവെക്കുകയായിരുന്നു.

എന്നാല്‍ ചാനലിലെ സമരത്തെ കുറിച്ച് സി.ഒ.ഒ ആയിരുന്ന സുനിതയുടെ പ്രതികരണം ഇപ്രകാരമയിരുന്നു.

‘സമരം കഴിഞ്ഞു ഒരു പത്രപ്രവര്‍ത്തകന്‍ എന്നോട് നടന്നതെന്താണ് എന്ന് വിശദീകരിക്കുകയുണ്ടായി . അത് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഹൃദയ ഭേദകമായിരുന്നു. ബാര്‍ക്ക് റേറ്റിങ് കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഒരവസ്ഥ ആയിരുന്നു . ന്യൂസിന്റെ ചുമതലയുള്ള വ്യക്തി , അതില്‍ പൂര്‍ണ പരാജയമാണെന്ന് മനസ്സിലാക്കിയ മാനേജ്മെന്റ് അദ്ദേഹത്തെ പത്രത്തിലേക്ക് മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു . അതിന്റെ മുന്നോടിയായി അദ്ദേഹത്തെ റീഡെസിഗ്നേറ്റ് ചെയ്ത ഓര്‍ഡര്‍ നവമ്പര്‍ 10 നു വൈകുന്നേരം നല്‍കി.

സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന അദ്ദേഹത്തിന്റെ തോന്നലില്‍ നിന്നും ഉടലെടുത്ത സമരമായിരുന്നു 11 നു നടന്നത് . സമരത്തിന് നേതൃത്വം നല്‍കിയവരുടെ ഉദ്ദേശം അയാളുടെ ജോലിയും ശമ്പളവും സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു.’ എന്നായിരുന്നു സുനിതയുടെ വിശദീകരണം.

അതേസമയം മാധ്യമസ്ഥാപനങ്ങളിലെ ശമ്പള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് രേഖാമൂലം പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചില മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് രേഖാമൂലം പരാതി സംസ്ഥാന കമ്മിറ്റിയ്ക്ക് ലഭിച്ചിട്ടില്ല. മലപ്പുറം സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മൂന്നിന് കോട്ടയത്തുവെച്ചു നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.’

റിപ്പോര്‍ട്ടര്‍ ചാനലിലെ വിഷയത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിക്ക് അത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ വിഷയത്തില്‍ പരിഹാരം കാണാനാകുമെന്ന് കരുതുന്നതായും ഡൂള്‍ ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അബിന്‍ പൊന്നപ്പന്‍
Advertisement