ന്യൂദല്‍ഹി: തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നാല് ലേബര്‍ കോഡുകള്‍ക്ക് എതിരായി ശക്തമായ സമരത്തിന് ഒരുങ്ങി രാജ്യത്തെ തൊഴിലാളി സംഘടനകള്‍. ബുധനാഴ്ച രാജ്യവ്യാപകമായി ലേബര്‍ കോഡിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷക സംഘടനകളുടെ സംഹകരണത്തോടെയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക.
നാല് ലേബര്‍ കോഡുകളുടെയും പകര്‍പ്പുകള്‍ കത്തിച്ചുകൊണ്ടായിരിക്കും പ്രതിഷേധം ആരംഭിക്കുക. ദല്‍ഹിയില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരത്തിന് തുടക്കം കുറിച്ച നവംബര്‍ 26ന് തന്നെയാണ് ലേബര്‍ കോഡിന് എതിരായ സമരങ്ങളും ആരംഭിക്കുന്നത്.
തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പകര്‍പ്പുകള്‍ കത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. രാജ്യവ്യാപകമായുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനും കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.
തൊഴിലാളികളെ പൂര്‍ണമായി അടിച്ചമര്‍ത്താനാണ് ഈ തൊഴില്‍ച്ചട്ടം. അതിനുള്ള തുടക്കം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നാല് ചട്ടങ്ങളും. രാജ്യത്തെ സാധാരണക്കാര്‍ക്ക് ഒപ്പമാണോ അതോ കുത്തകമുതലാളിമാര്‍ക്ക് ഒപ്പമാണോ സര്‍ക്കാരെന്ന് വ്യക്തമാക്കണം. കുത്തക താത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നീക്കം.
ലേബര്‍ കോഡ് രാജ്യത്തെ തൊഴിലാളികളെ മൂലധനത്തിന്റെ അടിമകളാക്കും. യുവാക്കളുടെ ഭാവി അട്ടിമറിക്കുന്ന ഒട്ടേറെ വ്യവസ്ഥകളാണ് ലേബര്‍ കോഡിലുള്ളത്.
എട്ട് മണിക്കൂര്‍ തൊഴിലെന്നുള്ളത് 12 മണിക്കൂര്‍ ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. തൊഴിലാളികളെ തോന്നും വിധത്തില്‍ പിരിച്ചുവിടാന്‍ സഹായിക്കുന്നതാണ് പുതിയ കോഡിലെ വ്യവസ്ഥ. അടച്ചുപൂട്ടലും എളുപ്പത്തിലാക്കിയിരിക്കുന്നു.
300 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ തോന്നുന്ന പോലെ പിരിച്ചുവിടാം. നേരത്തെ, 100 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു ഇതിന് അനുമതിയുണ്ടായിരുന്നത്. തൊഴില്‍ ചൂഷണത്തനെതിരെ ശബ്ദമുയര്‍ത്താനും പണിമുടക്ക് നടത്താനും ഇനി സാധിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
കേന്ദ്രം പ്രാബല്യത്തില്‍ കൊണ്ടുവന്ന വ്യവസായ ബന്ധ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍)കോഡിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. ആകെ ജീവനക്കാരില്‍ പത്ത് ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന്‍ അനുവദിക്കൂവെന്ന തൊഴിലാളി വിരുദ്ധ വ്യവസ്ഥയ്‌ക്കെതിരെ തൊഴിലാളികള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്.
തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും സാധിക്കാതെ വരികയും സംഘടിക്കാനായി കടുത്ത നിബന്ധനകള്‍ നേരിടേണ്ടി വരുമെന്നുള്ളതാണ് പ്രധാനപ്പെട്ട വിമര്‍ശനം. പുതിയ കോഡിലെ പല വ്യവസ്ഥകളും കാരണം തൊഴിലുടമയുടെ അനുമതിയില്ലാതെ പണി മുടക്കാനോ സംഘടിക്കാനോ പോലും സാധിക്കാതെ വരും.
14 ദിവസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ മാത്രമേ സമരം ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാല്‍ പിഴയും ഒരു മാസം തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി തുടങ്ങിയ പത്തോളം തൊഴിലാളി സംഘടനകള്‍ സംയുക്തമായി എല്ലാ തൊഴിലാളികളോടും 26ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുക.
തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു പ്രസ്താവനയിലൂടെ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്.
വേതന കോഡ് (കോഡ് ഓഫ് വേജസ്), തൊഴിലിട സുരക്ഷാ കോഡ് (ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ് കണ്ടീഷന്‍സ്), സാമൂഹിക സുരക്ഷാ കോഡ് (കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി), വ്യവസായ ബന്ധ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍)കോഡ് എന്നിവയാണ് നടപ്പിലാക്കിയിരിക്കുന്നത്.
രാജ്യത്ത് നിലവിലുണ്ടായിരുന്ന ട്രേഡ് യൂണിയന്‍ ആക്ട്, വ്യവസായ തര്‍ക്ക നിയമം, മിനിമം വേജസ് ആക്ട് തുടങ്ങിയ 29 വ്യത്യസ്ത ചട്ടങ്ങള്‍ റദ്ദാക്കിയാണ് പുതിയ ലേബര്‍ കോഡ് പ്രാബല്യത്തിലായിരിക്കുന്നത്.
Content Highlight: Labor Code will be burned nationwide; Trade Unions prepare for historic protest on Wednesday