ന്യൂദല്‍ഹി: പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിങ്ങുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. പാക്കറ്റ് ഭക്ഷണങ്ങളുടെ കവറുകളില്‍ അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, മറ്റ് ചേരുവകള്‍ എന്നിവയുടെ അളവ് രേഖപ്പെടുത്തിയ ലേബലുകള്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.
കുര്‍ക്കുറെയില്‍ എന്തൊക്ക ഘടങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നതിനേക്കാള്‍ കുര്‍ക്കുറെ പാക്കറ്റിനുള്ളില്‍ എന്താണെന്ന് അറിയാനാണ് കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ? ഈ ഹരജിയില്‍ തീരുമാനമെടുക്കാന്‍ അവരെ അനുവദിക്കണം. അപ്പോള്‍ കുര്‍കുറെ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകും. അവര്‍ എന്തൊക്കെ ഘടകങ്ങളാണ് അതില്‍ ഉള്ളതെന്ന് കാണുന്നില്ല. പാക്കറ്റിന്റെ അകത്ത് ഉള്ളത് മാത്രമാണ് അവര്‍ കാണുന്നത്,’ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല പറഞ്ഞു.
ഇത് സംബന്ധിച്ച് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ശുപാര്‍ശകളുടെ പട്ടിക തയ്യാറാക്കി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഭക്ഷണപാക്കറ്റിന്റെ പുറത്ത് അതിലെ പോഷകാഹരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം 2024ല്‍ തന്നെ ഭക്ഷ്യ സുരക്ഷ വകുപ്പ് അംഗീകരിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ആഗോള രീതി അനുസരിച്ച് പ്രസക്തമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് 2020ലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കി കോടതി ഹരജി തീര്‍പ്പാക്കി.