ചക്രശ്വാസം വലിച്ച് ലാല്‍ സിങ് ചദ്ദ; നാലാം ദിനം നേടിയത്
Entertainment news
ചക്രശ്വാസം വലിച്ച് ലാല്‍ സിങ് ചദ്ദ; നാലാം ദിനം നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 9:38 am

ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ആമിര്‍ ഖാന്‍ ചിത്രമായിരുന്നു ലാല്‍ സിങ് ചദ്ദ. വമ്പന്‍ റിലീസും വമ്പന്‍ പ്രൊമോഷനും ഒക്കെ ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടും ആദ്യ ദിനം മുതല്‍ തന്നെ ചിത്രം ബോക്‌സോഫീസില്‍ തകരുന്ന കാഴ്ചയാണ് കണ്ടത്.

ഓഗസ്റ്റ് 11ന് പുറത്തുവന്ന ചിത്രത്തിന്റെ നാലാം ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഏറ്റവും പുതുതായി പുറത്തുവരുന്നത്. ചിത്രം നാലാം ദിനം 10 കോടിയോളം രൂപ മാത്രമാണ് നേടിയത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് ദിവസം കൊണ്ട് ചിത്രത്തിന് 37 കോടിയോളം രൂപ മാത്രമാണ് നേടാനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ സിനിമ കാണാന്‍ ആളില്ലെങ്കിലും ഇന്ത്യക്ക് പുറത്ത് ചിത്രത്തിന് മികച്ച സ്വീകാര്യത കിട്ടുന്നുണ്ടെന്നും മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഒന്നും രണ്ടും ദിവസത്തെ കളക്ഷനേക്കാള്‍ 40 ശതമാനം കുറവ് കളക്ഷന്‍ മാത്രമാണ് മൂന്നാം ദിവസം ചിത്രത്തിന് ലഭിച്ചത് എന്നാണ് പിങ്ക് വില്ല നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വരും ദിവസങ്ങളിലും ചിത്രത്തിന്റെ പ്രകടനം മോശം തന്നെ ആകുമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അഞ്ച് ദിവസം കൊണ്ട് പോലും ചിത്രത്തിന് ബോക്സോഫീസില്‍ നിന്ന് 50കോടി നേടാന്‍ പോലും സാധിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

13 വര്‍ഷത്തിന് ശേഷം ഒരു ആമീര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ചെറിയ കളക്ഷനാണ് ലാല്‍ സിങ് ചദ്ദക്ക് ലഭിച്ചതെന്ന് നേരത്തെ ബോളിവുഡ് ഹങ്കാമയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1994 ല്‍ ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ലാല്‍ സിംഗ് ചദ്ദ ഒരുക്കിയിരിക്കുന്നത്.

2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു ചിത്രം നേരിട്ട പ്രധാന വിമര്‍ശനം.

Content Highlight:  Laal Singh Chaddha Day 4 Box Office collection