ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോ പദവി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലാ ലിഗയുടെ പ്രസിഡന്റ് ഹാവിയര്‍ തെബാസ്. ഇന്‍ഫാന്റിനോ നല്ല രീതിയിലല്ല ഫിഫയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് തെബാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഫിഫയുടെ നിലവിലെ ഭരണരീതി കാരണം ഒരു നേതൃമാറ്റത്തിന് സാധ്യത കുറവാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാന്റിനോയുടെ നിലപാടുകളോടും തീരുമാനങ്ങളോടും വ്യക്തിപരമായി പലര്‍ക്കും വിയോജിപ്പുണ്ടെങ്കിലും പരസ്യമായി എതിര്‍ക്കാനോ വെല്ലുവിളി ഉയര്‍ത്താനോ ആരും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
മാത്രമല്ല ലോകകപ്പില്‍ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ സ്‌ട്രൈക്കര്‍ ഫൊളാരിന്‍ ബലോഗണിന് ലഭിച്ച ഒരു മത്സരത്തിലെ വിലക്ക് പിന്‍വലിക്കാനുള്ള ഫിഫയുടെ തീരുമാനത്തെയും തെബാസ് രൂക്ഷമായി വിമര്‍ശിച്ചു.
‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ സമയം അവസാനിച്ചിരിക്കുകയാണ്. അദ്ദേഹം ഈ സ്ഥാനത്ത് തുടരരുത്. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പലരുടേയും പിന്തുണ കാരണം അദ്ദേഹം സ്ഥാനം ഒഴിഞ്ഞുപോകില്ല.
ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി പോലുമില്ല. തോല്‍ക്കാന്‍ വേണ്ടി മത്സരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. വീഴ്ച സംഭവിച്ച സിസ്റ്റമാണിത്. ഇന്‍ഫാന്റീനോയ്‌ക്കെതിരെ സംസാരിക്കുന്ന നിരവധി ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവരാരും അതിനെതിരെ ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ല.
അമേരിക്കന്‍ കളിക്കാരന്റെ സസ്‌പെന്‍ഷന്‍ ഒഴിവാക്കിയ നടപടി വളരെ ഗൗരവമുള്ള വിഷയമാണ്. ബെല്‍ജിയം യു.എസ്.എയെ തോല്‍പ്പിച്ചതുകൊണ്ട് മാത്രമാണ് ഇന്‍ഫാന്റീനോയുടെ കസേര തെറിക്കാവുന്ന ഒരു വലിയ വിഷയമായി ഇത് മാറാതിരുന്നത്. ബെല്‍ജിയം ജയിച്ചതോടെ അവര്‍ ആ വിഷയം കുഴിച്ചുമൂടി. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രശ്നങ്ങളുടെ തുടക്കം മാത്രമാണ്,’ റോയിട്ടേഴ്സിനോട് തെബാസ് പറഞ്ഞു.ട്രംപ്, ഇന്‍ഫാന്റീനോ, ബലോഗന്‍
ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിനിടെ താരിഖ് മുഹാരെമോവിച്ചിനെതിരായ ഫൗളിനെ തുടര്‍ന്ന് 64ാം മിനിറ്റില്‍ ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഫിഫയുടെ നിലവിലെ നിയമങ്ങള്‍ പ്രകാരം ചുവപ്പ് കാര്‍ഡുകള്‍ക്ക് പിന്നാലെ ഒരു മത്സരത്തില്‍ വിലക്ക് ലഭിക്കും.
എന്നാല്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തിന് മുന്നോടിയായി ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇടപെടുകയും ബലോഗണിന്റെ വിലക്ക് താത്കാലികമായി ഇന്‍ഫാന്റിനോ നീക്കം ചെയ്യുകയും ചെയ്തു. ശേഷം ബലോഗന്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിച്ചെങ്കിലും അമേരിക്ക 4-1 ന് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി.
Content Highlight: La Liga President Javier Tebas has demanded that FIFA President Gianni Infantino resign from his post