മെസിയും റൊണാള്‍ഡോയും ഒരുമിച്ച് വീണു; ചരിത്രം സൃഷ്ടിച്ച് എംബാപ്പെ
FIFA World Cup 2026
മെസിയും റൊണാള്‍ഡോയും ഒരുമിച്ച് വീണു; ചരിത്രം സൃഷ്ടിച്ച് എംബാപ്പെ
സുദേവ് എ
Wednesday, 1st July 2026, 9:08 am

2026 ഫിഫ ലോകകപ്പില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഫ്രാന്‍സ് വിജയിച്ചുകയറിയത്.

മത്സരത്തിന്റെ 45ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 74ാം മിനിട്ടില്‍ എംബാപ്പെ രണ്ടാം ഗോളും സ്വന്തമാക്കി. എംബാപ്പെക്ക് പുറമെ ബാര്‍ഡ്‌ലി ബാര്‍ക്കോള 53ാം മിനിട്ടില്‍ ഗോള്‍ നേടി ഫ്രാന്‍സിന് ആധികാരിക വിജയം സമ്മാനിച്ചു. മത്സരത്തില്‍ നേടിയ ഇരട്ട ഗോളുകള്‍ക്ക് പിന്നാലെ പല ചരിത്രനേട്ടങ്ങളും തിരുത്തിയെഴുതിയിരിക്കുകയാണ് എംബാപ്പെ.

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായും എംബാപ്പെ മാറിയിരിക്കുകയാണ്. ഇതുവരെ 16 ഗോളുകളാണ് താരം പെനാല്‍റ്റിയിലൂടെയല്ലാതെ നേടിയത്.

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നാസാരിയോ, അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി എന്നിവരെ മറികടന്നാണ് എംബാപ്പെ ഒന്നാമനായത്. ഈ നേട്ടത്തില്‍ നിലവില്‍ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെക്കൊപ്പമാണ് എംബാപ്പെ.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടിയ താരം, ടീം, ഗോളുകളുടെ എണ്ണം

കിലിയന്‍ എംബാപ്പെ-ഫ്രാന്‍സ്-16

മിറോസ്ലാവ് ക്ലോസെ-ജര്‍മനി-16

ലയണല്‍ മെസി-അര്‍ജന്റീന-15

റൊണാള്‍ഡോ നസാരിയോ-ബ്രസീല്‍-14

ഗെര്‍ഡ് മുള്ളര്‍-ജര്‍മനി-13

ഈ ലോകകപ്പില്‍ ഇതുവരെ ആറ് ഗോളുകള്‍ നേടിയാണ് താരം കുതിക്കുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് എംബാപ്പെ. 18 ഗോളുകളാണ് ഫ്രഞ്ച് താരം എതിരാളികളുടെ വലയില്‍ എത്തിച്ചത്. ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് താരം മുന്നേറിയത്.

ഗോളുകളുടെ എണ്ണത്തിൽ എംബാപ്പെയുടെ മുന്നില്‍ ഇനി മെസി മാത്രമാണുള്ളത്. 19 ഗോളുകള്‍ സ്വന്തമാക്കിയാണ് മെസി കുതിക്കുന്നത്. വരും മത്സരങ്ങളിലും മികച്ച പ്രകടനം തുടര്‍ന്നാല്‍ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി എംബാപ്പെ മാറുമെന്നുറപ്പാണ്.

അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ജൂലൈ നാലിനാണ് മത്സരം.

 

Content Highlight: Kylian Mbappe set a huge record in world cup history

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.