വീണത് റൊണാള്‍ഡോ മാത്രമല്ല; യൂറോ ഗോളടിക്കാരനുമൊപ്പമെത്തി എംബാപ്പെ
Football
വീണത് റൊണാള്‍ഡോ മാത്രമല്ല; യൂറോ ഗോളടിക്കാരനുമൊപ്പമെത്തി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th December 2025, 3:42 pm

റയല്‍ മാഡ്രിഡിനായി കഴിഞ്ഞ ദിവസവും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഗോള്‍ നേടിയിരുന്നു. ഇത്തവണ ടീമിനായി താരം ഇരട്ട ഗോളാണ് സ്‌കോര്‍ ചെയ്തത്. ലാലിഗയില്‍ അത്ലറ്റിക് ക്ലബ്ബിനെതിരായ മത്സരത്തിലായിരുന്നു ഫ്രഞ്ച് താരത്തിന്റെ പ്രകടനം.

ഇതോടെ എംബാപ്പെയുടെ 2025ലെ ഗോള്‍ നേട്ടം 62 ആയി. ഇതാദ്യമായാണ് ഒരു കലണ്ടര്‍ ഇയറില്‍ താരം 60ലധികം ഗോള്‍ നേടുന്നത്. ഇതോടെ 2012ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലില്‍ കുറിച്ച ഒരു കലണ്ടര്‍ ഇയറില്‍ 61 ഗോളുകള്‍ എന്ന റെക്കോഡ് എംബാപ്പെ തകര്‍ത്തിരുന്നു.

കിലിയൻ എംബാപ്പെ Photo: Real Madrid C.F/x.com

അതിനൊപ്പം തന്നെ മറ്റൊരു നേട്ടത്തിനൊപ്പവും എംബാപ്പെ എത്തി. 2024ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡിനൊപ്പം എത്താനാണ് താരത്തിന് സാധിച്ചത്. സ്വീഡിഷ് താരവും ആഴ്സണല്‍ സ്ട്രൈക്കറുമായ വിക്റ്റര്‍ ഗ്യോക്കെറസും കഴിഞ്ഞ വര്‍ഷം 62 ഗോളുകള്‍ നേടിയിരുന്നു.

2024ല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി പന്ത് തട്ടിയാണ് ഇത്രയും ഗോള്‍ സ്‌കോര്‍ ചെയ്തത്. അതോടെ 2024ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വീഡിഷ് സ്ട്രൈക്കര്‍ സ്വന്തമാക്കിയിരുന്നു.

ആഴ്‌സണൽ ജേഴ്സിയിൽ വിക്റ്റർ ഗ്യോക്കെറസ് Photo: Viktor Gyökeres🇸🇪/x.com

എംബാപ്പെ ഈ വര്‍ഷം ഇതിനകം തന്നെ പല റെക്കോഡുകളും തന്റെ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്. എന്നാല്‍, റെക്കോഡ് കുതിപ്പിന് ഇതുവരെ അവസാനമായിട്ടില്ല. ഈ വര്‍ഷം ഇനിയും താരത്തിന് നാല് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ രണ്ട് ഗോള്‍ നേടിയാല്‍ 2014ലെ ഏറ്റവും ഗോള്‍ എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാന്‍ സാധിക്കും. ആ വര്‍ഷം റൊണാള്‍ഡോ 63 ഗോളുകളാണ് നേടിയത്.

കൂടാതെ, ബാക്കിയുള്ള മത്സരങ്ങളില്‍ എട്ട് ഗോള്‍ സ്വന്തമാക്കിയാലും റൊണാള്‍ഡോയുടെ മറ്റൊരു റെക്കോഡും തകര്‍ത്തെറിയാം. അത്രയും ഗോള്‍ നേടാനായാല്‍ ഒരു കലണ്ടര്‍ വര്‍ഷം റയല്‍ മാഡ്രിഡിനായി ഏറ്റവും ഗോള്‍ നേടിയ താരമെന്ന റെക്കോഡാണ് എംബാപ്പെയ്ക്ക് മുന്നില്‍ മുട്ടുകുത്തുക.

 

Content Highlight: Kylian Mbappe equalled Viktor Gyökeres’ goal tally of 2024