2014ലെ റോണോയ്‌ക്കൊപ്പം; പോര്‍ച്ചുഗല്‍ ഇതിഹാസത്തെ വിടാതെ പിന്തുടര്‍ന്ന് എംബാപ്പെ
Football
2014ലെ റോണോയ്‌ക്കൊപ്പം; പോര്‍ച്ചുഗല്‍ ഇതിഹാസത്തെ വിടാതെ പിന്തുടര്‍ന്ന് എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th December 2025, 9:40 am

ലാലിഗയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ വിജയം. മറ്റൊരു തോല്‍വിയെ മുഖാമുഖം കണ്ടാണ് ടീം വിജയം നേടിയെടുത്തത്.

ഈ മത്സരത്തില്‍ റയലിന്റെ ആദ്യ ഗോള്‍ നേടിയത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ്. ഇതോടെ ഒരു നേട്ടവും താരം സ്വന്തമാക്കി. ഒരു കലണ്ടര്‍ ഇയറില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളില്‍ മൂന്നാമത്തെ ഫുട്‌ബോളറായിരിക്കുകയാണ് ഫ്രഞ്ച് ഫോര്‍വേഡ്. 56 ഗോളുകള്‍ നേടിയാണ് താരം ഈ നേട്ടത്തിലെത്തിയത്.

കിലിയന്‍ എംബാപ്പെ. Photo: Real Madrid CF/x.com

മൂന്നാം സ്ഥാനത്ത് എംബാപ്പെ ഒറ്റക്കല്ല. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമുണ്ട്. താരം 2014ല്‍ ഇത്രയും ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. ഈ ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനത്തും റൊണാള്‍ഡോ തന്നെയാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

റയല്‍ മാഡ്രിഡിനായി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതൽ ഗോള്‍ നേടിയ താരങ്ങള്‍

(താരം – വര്‍ഷം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2013 – 59

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2012 – 58

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2014 – 56

കിലിയന്‍ എംബാപ്പെ – 2025 – 56

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 2015 – 54

മത്സരത്തിനിടെ ഗോൾ നേടിയത് ആഘോഷിക്കുന്ന റയൽ മാഡ്രിഡ് താരങ്ങൾ. Photo: Real Madrid CF/xc.om

എംബാപ്പെ തന്റെ ഗോളടി ഓരോ മത്സരത്തിലും തുടരുകയാണ്. താരം റൊണാള്‍ഡോയുടെ എക്കാലത്തെയും റെക്കോഡുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് തന്റെ പോരാട്ടം തുടരുന്നത്. ഈ വര്‍ഷം ഇനി താരത്തിന് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ നിന്ന് നാല് ഗോളുകള്‍ നേടാനായാല്‍ പോര്‍ച്ചുഗല്‍ ഇതിഹാസത്തെ മറികടന്ന് ഈ ലിസ്റ്റിൽ ഒന്നാമതെത്താൻ സാധിക്കും.

അതേസമയം, മത്സരത്തില്‍ എംബാപ്പെയ്ക്ക് പുറമെ റോഡ്രിഗോയും സ്‌കോര്‍ ചെയ്തു. 26ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോളെങ്കില്‍ റോഡ്രിഗോ പന്ത് വലയിലെത്തിച്ചത് 76ാം മിനിട്ടിലായിരുന്നു.

അലാവസിനായി കാര്‍ലോസ് വിസെന്റാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. 68ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

Content Highlight: Kylian Mbappe equalled with Cristiano Ronaldo’s stats of 2014 in most goals for Real Madrid in a calendar year