റൊണാള്‍ഡോ വീണു, മെസിയൊക്കെ പുറകില്‍; ചരിത്രത്തില്‍ എംബാപ്പെ മാത്രം
FIFA World Cup 2026
റൊണാള്‍ഡോ വീണു, മെസിയൊക്കെ പുറകില്‍; ചരിത്രത്തില്‍ എംബാപ്പെ മാത്രം
സുദേവ് എ
Wednesday, 1st July 2026, 4:34 pm

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ് ഫ്രാന്‍സ്. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് പട അടുത്ത റൗണ്ടിലേക്ക് കുതിച്ചത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഫ്രാന്‍സ് വിജയിച്ചുകയറിയത്.

മത്സരത്തിന്റെ 45ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 74ാം മിനിട്ടില്‍ എംബാപ്പെ സ്വീഡന് മേല്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. എംബാപ്പെക്ക് പുറമെ ബാര്‍ഡ്‌ലി ബാര്‍ക്കോള 53ാം മിനിട്ടില്‍ നേടിയ ഗോളും ഫ്രാന്‍സിന്റെ വിജയം ആധികാരികമാക്കി.

ഈ ലോകകപ്പില്‍ ഇതുവരെ ആറ് ഗോളുകള്‍ നേടി മിന്നും ഫോമില്‍ കുതിക്കുന്ന എംബാപ്പെ മറ്റൊരു റെക്കോഡും തന്റെ പേരിലാക്കി മാറ്റി. ലോകകപ്പില്‍ നോക്ക് ഔട്ടില്‍ 10 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് എംബാപ്പെ മാറിയത്. ഒമ്പത് ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നാസാരിയോയെ മറികടന്നാണ് ഫ്രഞ്ച് സ്ട്രൈക്കറുടെ മുന്നേറ്റം.

വേള്‍ഡ് കപ്പ് ടോപ് സ്‌കോററായ ലയണല്‍ മെസി പോലും എംബാപ്പെക്ക് പുറകിലാണ്. അഞ്ച് ഗോളുകളാണ് അര്‍ജന്റൈന്‍ ഇതിഹാസം നോക്ക് ഔട്ടില്‍ സ്വന്തമാക്കിയത്. 2022 ഖത്തര്‍ ലോകകപ്പിലാണ് മെസി ഈ അഞ്ച് ഗോളുകളും സ്വന്തമാക്കിയത്.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് എംബാപ്പെ. 18 ഗോളുകളാണ് ഫ്രഞ്ച് താരം എതിരാളികളുടെ വലയില്‍ എത്തിച്ചത്. 16 ഗോളുകള്‍ നേടിയ ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ മറികടന്നാണ് എംബാപ്പെ മുന്നേറിയത്. 19 ഗോളുകള്‍ നേടിയ മെസി മാത്രമാണ് ഇനി എംബാപ്പെക്ക് മുന്നിലുള്ളത്.

അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജൂലൈ നാലിനാണ് ഫ്രാന്‍സ് കളത്തിലിറങ്ങുന്നത്. മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വയാണ് എംബാപ്പെയുടെയും സംഘത്തിന്റെയും എതിരാളികള്‍.

 

Content Highlight: Kylian Mbappe create a huge record in world cup[ knockout

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.