റയലിന്റെ പത്താം നമ്പര്‍ ആരാകും? എംബാപ്പെയ്‌ക്കൊപ്പം മറ്റൊരു താരത്തിനും സാധ്യത!
Football
റയലിന്റെ പത്താം നമ്പര്‍ ആരാകും? എംബാപ്പെയ്‌ക്കൊപ്പം മറ്റൊരു താരത്തിനും സാധ്യത!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd July 2025, 4:38 pm

റയല്‍ മാഡ്രിഡിന്റെ പത്താം നമ്പര്‍ ജേഴ്‌സി ഇനി ആര് അണിയുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ ക്രോയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചായിരുന്നു ഈ നമ്പറില്‍ റയലിനായി കളത്തിലിറങ്ങിയിരുന്നത്. ഈ സീസണ്‍ അവസാനിച്ചതിന് പിന്നാലെ താരം ക്ലബ് വിട്ടതോടെയാണ് ഈ ഐകോണിക്ക് നമ്പറില്‍ പുതുതായി ആരെത്തുമെന്ന ചോദ്യം ഉയരുന്നത്.

ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ അടുത്ത സീസണില്‍ പത്താം നമ്പറില്‍ കളിക്കുമെന്നാണ് റയല്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഐകോണിക്ക് ജേഴ്‌സിക്കായി ഫേവറേറ്റുകളായി രണ്ട് താരങ്ങളുണ്ടെന്നാണ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. എംബാപ്പെയ്‌ക്കൊപ്പം ആര്‍ദ ഗൂളറിനുമാണ് ഈ നമ്പറിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്നാണ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

എംബാപ്പെ 9ാം നമ്പര്‍ ജേഴ്‌സിയിലാണ് ലോസ് ബ്ലാങ്കോസിനായി ഇപ്പോള്‍ കളിക്കുന്നത്. പി.എസ്.ജി വിട്ട് റയലില്‍ എത്തിയത് മുതല്‍ താരം ജേഴ്‌സി തന്നെയാണ് ധരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം തന്റെ മുന്‍ ക്ലബ്ബിനായി ഏഴാം നമ്പറിലായിരുന്നു കളിച്ചിരുന്നത്.

എന്നാല്‍ തന്റെ ദേശീയ ടീമായ ഫ്രാന്‍സിനായി പത്താം നമ്പറിലാണ് എംബാപ്പ പന്ത് തട്ടുന്നത്. ഐകോണിക്ക് ജേഴ്‌സിയ്ക്ക് സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും എംബാപ്പെ ജേഴ്‌സി നമ്പര്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, 10ാം നമ്പര്‍ ജേഴ്‌സിക്കായി സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന യുവതാരം ആര്‍ദ ഗൂളര്‍ നിലവില്‍ റയലില്‍ 15ാം
നമ്പറിലാണ് പന്ത് തട്ടുന്നത്. എന്നാല്‍ തുര്‍ക്കി താരം തന്റെ മുന്‍ ക്ലബ്ബായ ഫെനര്‍ബാഷെയ്ക്കായി അവസാന സീസണില്‍ 10ാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിരുന്നു.

കൂടാതെ, മോഡ്രിച്ച് റയലിനൊപ്പമുള്ള അവസാന നിമിഷങ്ങളില്‍ തന്റെ ജേഴ്‌സി ഗൂളറിന് സമ്മാനമായി നല്‍കിയിരുന്നു. ഇത് യുവ മിഡ്ഫീല്‍ഡറുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് 10ാം നമ്പര്‍ ജേഴ്‌സി. ഇതിഹാസ താരങ്ങളായ ഹാമിഷ് റോഡ്രിഗസ്, ലൂയിസ് ഫിഗോ, മോഡ്രിച്ച് എന്നിവര്‍ ഈ ജേഴ്‌സിയിലാണ് പന്ത് തട്ടിയിരുന്നത്.

Content Highlight: Kylian Mbappe and Arda Guler emerge as favorites to wear Real Madrid’s jersey number 10