നിര്‍ഭാഗ്യത്തിന്റെ രൂപമായാണ് സോഷ്യല്‍ മീഡിയ കെ.വി.എന്‍ പ്രൊഡക്ഷന്‍സിനെ കാണുന്നത്. രണ്ട് വമ്പന്‍ സിനിമകള്‍ ഷൂട്ട് പൂര്‍ത്തിയായിട്ടും തിയേറ്ററിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടില്ല. വിജയ്‌യെ നായകനാക്കി 450 കോടി ബജറ്റിലൊരുക്കിയ ജന നായകനും കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷിനെ നായകനാക്കി 600 കോടി ബജറ്റില്‍ ഒരുക്കിയ ടോക്‌സിക്കും റിലീസാകാതിരിക്കുകയാണ്.
സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടല്‍ കാരണമാണ് ജന നായകന്റെ റിലീസ് നീണ്ടുപോയത്. കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി വരണമെങ്കില്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ നിര്‍മാതാക്കള്‍ കേസ് പിന്‍വലിക്കുകയും ചെയ്തു. ഗള്‍ഫ് മേഖലയില്‍ നടക്കുന്ന യുദ്ധസമാന സാഹചര്യമാണ് ടോക്‌സിക്കിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നത്.
രണ്ട് വ്യത്യസ്ത ഭാഷയിലൊരുക്കിയ മാസ് സിനിമകള്‍ റിലീസ് ചെയ്യാനാകാത്ത അപൂര്‍വ സാഹചര്യമാണ് കെ.വി.എന്‍ പ്രൊഡക്ഷന്‍സിന് നേരിടേണ്ടി വരുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയിലും തങ്ങളുടെ മറ്റൊരു ചിത്രം പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുകയാണ്. കന്നഡയില്‍ അത്യവാശ്യം മികച്ച രീതിയില്‍ ഫാന്‍ ഫോളോയിങ്ങുള്ള ലവ് മോക്ക്‌ടെയിലിന്റെ മൂന്നാം ഭാഗം ഈ മാസം തന്നെ പുറത്തിറങ്ങും.
ടോക്‌സിക് റിലീസ് ചെയ്യാനിരുന്ന മാര്‍ച്ച് 19നാണ് ലവ് മോക്ക്‌ടെയില്‍3 പ്രദര്‍ശനത്തിനെത്തുക. ഡാര്‍ലിങ് കൃഷ്ണ സംവിധാനം ചെയ്ത് നായകനായെത്തുന്ന ലവ് മോക്ക്‌ടെയിലിന്റെ ആദ്യ രണ്ട് ഭാഗങ്ങളും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മൂന്നാം ഭാഗം ഇന്‍ഡസ്ട്രിയിലെ മുന്‍നിര നിര്‍മാതാക്കള്‍ ഏറ്റെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ആഗ്രഹിച്ച തുമ്പിയെ കിട്ടിയില്ലെങ്കിലും മുയലിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാനുള്ള പ്ലാനാണ് നിര്‍മാതാക്കള്‍ക്കെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഒരേസമയം തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ സിനിമകള്‍ നിര്‍മിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രൊഡക്ഷന്‍ ഹൗസായിരുന്നു കെ.വി.എന്‍. മലയാളത്തില്‍ ചിദംബരം സംവിധാനം ചെയ്യുന്ന ബാലന്‍ ഷൂട്ട് പൂര്‍ത്തിയായെങ്കിലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ആവേശത്തിന്റെ സംവിധായകനായ ജിത്തു മാധവനാണ് ബാലന്റെ തിരക്കഥ.
രണ്ട് സിനിമകള്‍ക്കും കൂടി 1000 കോടിയിലേറെ ചെലവാക്കുകയും അത് രണ്ടും പെട്ടിയില്‍ തന്നെ കിടക്കേണ്ടി വരികയും ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു നിര്‍മാണക്കമ്പനിയാണ് കെ.വി.എന്‍ എന്ന് പലരും പരിഹസിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം മറികടന്ന് രണ്ട് സിനിമകളും ഗംഭീര വിജയമാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.