തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗത്തിറങ്ങും, മുഖ്യമന്ത്രി പ്രസംഗിക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും; കടുപ്പിച്ച് കെ.വി. തോമസ്
Kerala News
തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗത്തിറങ്ങും, മുഖ്യമന്ത്രി പ്രസംഗിക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും; കടുപ്പിച്ച് കെ.വി. തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 11:07 am

കൊച്ചി: തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്ന് കെ.വി.തോമസ്. വികസന രാഷ്ടീയത്തിനായി താന്‍ തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിലെ ഘടകകക്ഷിയായ എന്‍.സി.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. ‘ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. കോണ്‍ഗ്രസ് സംസ്‌കാരമാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഞാന്‍ ഇപ്പോഴും എ.ഐ.സി.സി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാര്‍ട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ്.

നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ പങ്കുവഹിച്ചയാളാണു ഞാന്‍. എതിര്‍പ്പുകള്‍ക്കിടയിലും ആ പദ്ധതികള്‍ നടപ്പായി. 12നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പിന്നീട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി പ്രചാരണവും നടത്തും. വിശദാംശങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും,’ അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ താന്‍ തയാറായിട്ടും കോണ്‍ഗ്രസ് നേതൃത്വം വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.

തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കെ.വി. തോമസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

 

 

Content Highlights: Will campaign for the Left candidate in Thrikkakara and will attend the LDF convention addressed by the Chief Minister; KV. Thomas