കുട്ടന്‍ എന്ന പ്രതിനായകന്‍ നിലവിലുള്ള ഇന്ത്യന്‍ ഭരണാധികാരത്തിന്റെ തന്നെ പ്രതിനിധി
Film News
കുട്ടന്‍ എന്ന പ്രതിനായകന്‍ നിലവിലുള്ള ഇന്ത്യന്‍ ഭരണാധികാരത്തിന്റെ തന്നെ പ്രതിനിധി
ശ്രീജിത്ത് ദിവാകരന്‍
Tuesday, 17th May 2022, 9:01 am

സ്പോയ്ലര്‍ അലെര്‍ട്ട്- പുഴുവെന്ന സിനിമ കണ്ടിട്ടില്ലെങ്കില്‍, കഥയുടെ ചില അംശങ്ങള്‍ അറിഞ്ഞാല്‍ ആസ്വാദനത്തിന് തടസമാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ തുടര്‍ന്ന് വായിക്കാതിരിക്കുക.

പാര്‍ക്ക് ചെയ്യാന്‍ ഒരു ഔഡി കാര്‍ വേഗത്തില്‍ പുറകിലേയ്ക്ക് എടുക്കുമ്പോള്‍ പാര്‍ക്കിങ് സ്ലോട്ടില്‍ കിടന്നിരുന്ന നായ്ക്കുട്ടിയെ എടുത്ത് മാറ്റുന്ന ഒരു കൗമാരക്കാരനെ ‘പുഴു’വെന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സവര്‍ണ സമ്പന്നന്റെ ഇന്‍ട്രോയ്ക്ക് തൊട്ടുമുന്നേ കാണാം. വേഗത്തില്‍ ചലിക്കുന്ന വാഹനങ്ങള്‍ക്കടിയില്‍ പെട്ടുപോകുന്ന നായ്ക്കുട്ടികളുടെ ഉപമ ആ പയ്യന് തീര്‍ച്ചയായും അറിയാം. കണ്ടു നില്‍ക്കുന്ന നമ്മള്‍ മറന്നുപോയെങ്കില്‍ ഓര്‍ക്കുക തന്നെ വേണം.

ഇന്ത്യന്‍ സാമൂഹികരാഷ്ട്രീയത്തിന്റെ സുവ്യക്തമായ അത്തരമൊരു റെപ്രസെന്റേഷന്‍ മുതല്‍ ‘പുഴു’വില്‍ എല്ലാം സുവ്യക്തമാണ്. അവ്യക്തതയുടെ ഒരു നിമിഷം പോലും സിനിമയിലില്ല. സമുദ്രജലത്തിലെ ഉപ്പുരുചി പോലെയാണ് ഹിന്ദുമതത്തിനകത്ത് ജാതിയെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. അതില്ലെങ്കില്‍ അത് ഹിന്ദുമതമല്ല. നിരന്തരം അത് അനുഭവിക്കുകയും അറിയുകയും സ്പര്‍ശിക്കുകയും ചെയ്തിട്ടും ജാതിയോ, കേരളത്തിലോ എന്ന് ചോദിക്കുന്ന വിചിത്ര സമൂഹമാണ് ഇവിടെയുള്ളത്. അവരോട് ചില കാര്യങ്ങള്‍ ഉറക്കെ പറയണം. സുവ്യക്തമായും. ചിലപ്പോള്‍ സ്പൂണ്‍ ഫീഡ് ചെയ്യേണ്ടിയും വരും. അല്ലെങ്കില്‍ മനസിലായില്ല എന്ന മട്ടില്‍ പച്ചപരമാര്‍ത്ഥികളായി നിന്ന് കളയും മനുഷ്യര്‍. അഥവാ ജാതിയെന്ന ഒറ്റ രാഷ്ട്രീയത്തെ കുറിച്ചാണ് ‘പുഴു’ സംസാരിക്കുന്നത്.

Puzhu' first look: Mammootty to play an undercover agent? | Malayalam Movie  News - Times of India

എംപതി എന്ന വികാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത, ആരോടും -സ്വന്തം മകനോടും അമ്മയോടും അടക്കം- യഥാര്‍ത്ഥത്തില്‍ സ്നേഹം പോലുമില്ലാത്ത, തനിക്ക് കീഴിലുള്ള എല്ലാ മനുഷ്യരേയും പുഴുക്കളായി കാണുന്ന സവര്‍ണ-സമ്പന്നാധികാരത്തിന്റെ റെപ്രസെന്റേഷനാണ് കുട്ടനെന്ന് വേണ്ടപ്പെട്ടവരാല്‍ വിളിക്കപ്പെടുന്ന ഐ.പി.എസുകാരന്‍. ക്രിമിനലാണ്, അഴിമതിക്കാരനാണ്, സ്വാര്‍ത്ഥനാണ്. അയാള്‍ക്ക് യാതൊരു പാരനോയിയും ഇല്ല. അയാളുടെ ഭയം യഥാര്‍ത്ഥത്തിലുള്ളതാണ്. അതിന് പാകത്തിന് ക്രൈം അയാള്‍ ചെയ്ത് കാണണം.

ചുറ്റുമുള്ള മനുഷ്യരെ അയാള്‍ തനിക്ക് കീഴിലുള്ളവരും അല്ലാത്തവരുമായാണ് കാണുന്നത്. ലിഫ്റ്റില്‍ ഓടിക്കയറുന്ന ഒരു ഫുഡ് ഡെലിവെറി ബോയ്ക്ക് വേണ്ടി ഫ്ളോര്‍ ബട്ടണ്‍ അമര്‍ത്താന്‍ പോലും അയാള്‍ക്ക് സൗകര്യമില്ല. വീട്ടില്‍ പാചകം ചെയ്യാത്ത അശുദ്ധമായ ഭക്ഷണം കഴിക്കുന്നവരെ അയാള്‍ക്ക് വെറുപ്പാണ്. നമ്മുടെ ആള്‍ക്കാര്‍ എന്ന് അയാള്‍ പറയുന്നത് ഹിന്ദുത്വ വിഭാവനം ചെയ്യുന്ന സവര്‍ണ ഹൈന്ദവതയെ കുറിച്ച് മാത്രമാണ്. നമ്മളില്‍ ദളിതരില്ല. പിന്നാക്ക ജാതിക്കാരില്ല.

May be an image of one or more people, people standing and text

മെറ്റിക്കുലസ് ആയി സ്വന്തം സിനിമ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ ഡയക്ടര്‍ റത്തീന ഫോളോ ചെയ്യുന്നുണ്ട്. ഒരോ സീക്വന്‍സിലും. എനിക്കീ പ്രതിനായകന്‍ നിലവിലുള്ള ഇന്ത്യന്‍ ഭരണാധികാരത്തിന്റെ തന്നെ പ്രതിനിധിയാണ്. അക്രമാസക്തമായ ഹിന്ദുത്വയുടെ പ്രതിനിധി. ടോക്സിക് പാരന്റിങ് മുതല്‍, നമ്മളെന്ന ദേശീയത വരെ അയാളുടെ ക്രൈമുകള്‍ക്കുള്ള റ്റൂളാണ്. ഒരു എംപതിയും അയാളോട് നമുക്ക് തോന്നില്ല.

മമ്മൂട്ടിക്ക് ആ പ്രതിനായകത്വത്തെ പേറാന്‍ പറ്റിയ ശരീരവും സൂക്ഷ്മമായ അഭിനയശേഷിയും ഉള്ളത് കൊണ്ട് കുട്ടനെന്ന് വിളിക്കപ്പെടുന്ന ആ പോലീസുകാരന്‍ നമ്മുടെ സിനിമകളില്‍ കണ്ട ഏറ്റവും ജുഗുപ്സാവഹമായ സവര്‍ണ-സമ്പന്നാധികാരത്തിന്റെ പ്രതിനിധിയായി നിലനില്‍ക്കും. പട്ടേലരെ പോലെ ഫ്യൂഡലല്ല, അതിലും അപകടകാരി. ഇയാളുടെ അക്രമവാസന വ്യക്തികളെയല്ല, സമൂഹത്തെ തന്നെയാണ് അട്ടിമറിക്കുന്നത്. കുട്ടപ്പനെന്ന നായകനാകട്ടെ ഒരോ നിമിഷവും ശ്രമപ്പെട്ടാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ പോലെ എളുപ്പമല്ല, ആ മനുഷ്യന്റെ ജീവിതം.

എന്തൊരുഗ്രന്‍ ആക്ടറാണ് ഇരഞ്ഞിക്കല്‍ ശശി എന്ന അപ്പുണ്ണി ശശി! കുട്ടപ്പന്‍ ജീവിതത്തിലുടനീളം അണിയുന്ന ഒരു ഗാര്‍ഡുണ്ട്. ഒരു സുരക്ഷാ കവചം. ആക്രമിക്കപ്പെടാന്‍ പോകുന്ന മനുഷ്യന്റെ ജാഗ്രത. അതയാള്‍ക്ക് ഒരോ ഫ്രെയ്മിലും ഉണ്ട്. ഒരോ ഫ്രെയ്മിലും. വീണ്ടും വീണ്ടും സിനിമ കണ്ടുനോക്കി. ഓരോ നിമിഷവും ശശിയെന്ന നടന്‍, ആ ജാഗ്രത കുട്ടപ്പന് വേണ്ടി കരുതുന്നുണ്ട്.

May be an image of 2 people, people standing and indoor

ഒരു സീനില്‍ അയാള്‍ പതുക്കെ പതുക്കെ ഒരു നിമിഷം വഞ്ചിക്കപ്പെടുന്നുണ്ട്. തന്റെ ഗാര്‍ഡ് അയാള്‍ അഴിച്ച് മാറ്റി, തനിക്കൊരു പെണ്‍കുഞ്ഞിനെ വേണമെന്ന് സ്വപ്നം കാണുന്ന മനുഷ്യനായി, അവളുടെ പേരിനെ കുറിച്ച് സംസാരിക്കുന്ന ഒരു നിമിഷം. ഭാവിയെന്നത് അത്ര മോശമല്ലായിരിക്കുമെന്ന് അയാള്‍ സ്വന്തം കണ്‍വിക്ഷന് അപ്പുറത്ത് മോഹിച്ച് പോകുന്ന ഒരു നിമിഷം. അപ്പോള്‍ ജാഗ്രതകളില്ലാത്ത, സ്വതന്ത്രനായ, സന്തുഷ്ടനായ കുട്ടപ്പനെ നമുക്ക് കാണാം.

ജാഗ്രത കൈവിട്ടിരുന്നില്ലെങ്കില്‍, ഏത് സവര്‍ണ ഏമാനും അയാളെ ഒന്നും ചെയ്യാനാകില്ലായിരുന്നു. പക്ഷേ, വഞ്ചിതനായി അയാള്‍. മമ്മൂട്ടിയുടെ പ്രതിനായകത്വം കൊണ്ട് മാത്രമല്ല, ശശിയുടെ കുട്ടപ്പനും പാര്‍വതിയുടെ ഭാരതിയും ചേര്‍ന്ന് പൂര്‍ത്തീകരിക്കുന്നതാണ് ഈ സിനിമ.

ദീര്‍ഘമായി നമ്മളിനിയും ഈ സിനിമയെ കുറിച്ച് സംസാരിക്കും. അതിന്റെ വേഗം മുതല്‍ സംഗീതം വരെ. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് മുതല്‍ കുട്ടനെന്ന വിളിപ്പേര് വരെ. കാറുകളില്‍ കുലമഹിമ പേറുന്ന ഔഡിയുടെ സാന്നിധ്യം, കൃമികളെന്ന് കരുതുന്ന മനുഷ്യരുടേയും നായ്ക്കളുടേയും മരണത്തെ കുറിച്ച് യാതൊരു കുറ്റബോധവുമില്ലാത്ത, അവരെ ചവിട്ടി ഞെരിച്ച് കടന്ന് പോയി സ്വന്തം കുടുംബത്തോടിരുന്ന് ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ ആകുന്ന മനുഷ്യരെ നമ്മളിനിയും കാണും. റത്തീനയ്ക്ക്, പാര്‍വതിക്ക്, ശശിക്ക്, മമ്മൂട്ടിക്ക്, ഹര്‍ഷാദിന്, സുഹാസിന്, ഷറഫുവിന്… ഈ സിനിമ സാധ്യമാക്കിയ മനുഷ്യരോട് വലിയ സ്നേഹവും ബഹുമാനവും.

Content Highlight: Kuttan in puzhu movie is the representative of the present Indian government

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.