തമിഴിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് വിജയ്. നാളെയ തീര്‍പ്പിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന വിജയ് വളരെ വേഗത്തില്‍ തമിഴ് മക്കളുടെ ഇഷ്ടനടനായി മാറി. ഇളയ ദളപതിയെന്ന വിളിപ്പേര് ലഭിച്ച വിജയ് പ്രണയചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. 2000ന് ശേഷം ആക്ഷന്‍ ഴോണറിലേക്ക് താരം ചുവടുമാറ്റി.
പിന്നീട് തമിഴില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന വിജയ്‌യെയാണ് കാണാന്‍ സാധിച്ചത്. താരത്തിന്റെ ഓരോ സിനിമകളും ആരാധകര്‍ ഉത്സവം പോലെ ആഘോഷിച്ചു. 2010ന് ശേഷം ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി വിജയ് മാറി. വര്‍ഷത്തില്‍ ഒരു സിനിമയെന്ന രീതിയില്‍ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലായിരുന്നു മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്ന് വിജയ് അറിയിച്ചത്.
എല്ലാ വര്‍ഷവും ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ വിജയ് ചിത്രം തിയേറ്ററുകളിലെത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം താരത്തിന്റെ ഒരൊറ്റ സിനിമ പോലും റിലീസിനില്ലെന്നത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ്. എന്നാല്‍ ആ നിരാശ മറികടക്കാന്‍ വിജയ്‌യുടെ ഹിറ്റ് ചിത്രങ്ങളില്‍ ചിലത് റീ റിലീസ് ചെയ്യുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
ദളപതിയാകുന്നതിന് മുമ്പ് ‘ഇളയ ദളപതി’യായി വിജയ് വിസ്മയിപ്പിച്ച ഖുശിയാണ് ഏറ്റവും പുതിയ റീ റിലീസ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഖുശിയെ കണക്കാക്കുന്നത്. എസ്.ജെ. സൂര്യ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്.
തമിഴിലെ മുന്‍നിര വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയാണ് ഖുശി റീ റിലീസിനെത്തിക്കുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. എന്നാല്‍ ചിത്രം തമിഴ്‌നാട്ടില്‍ മാത്രമാണോ അതോ വേള്‍ഡ്‌വൈഡ് റീ റിലീസുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തമിഴ്‌നാട്ടില്‍ മാത്രമേയുള്ളൂവെങ്കില്‍ മറ്റിടങ്ങളിലെ ആരാധകര്‍ നിരാശരാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്.
ജെനി, ശിവ എന്നിവരുടെ സൗഹൃദവും അത് പിന്നീട് പ്രണയമായി മാറുന്നതുമാണ് ഖുശിയുടെ കഥ. ജെന്നിഫറായി ജ്യോതികയും ശിവയായി വിജയ്‌യും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മണി ശര്‍മ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. പവന്‍ കല്യാണിനെ നായകനാക്കി ഇതേ പേരില്‍ ചിത്രം തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു.
Content Highlight: Kushi movie going to re release