മൂന്ന് അര്‍ധ സെഞ്ച്വറിയും മൂന്ന് ഡക്കും; ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് വ്യത്യസ്ത ഹാട്രിക്കുകള്‍
T20 world cup
മൂന്ന് അര്‍ധ സെഞ്ച്വറിയും മൂന്ന് ഡക്കും; ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് വ്യത്യസ്ത ഹാട്രിക്കുകള്‍
ആദര്‍ശ് എം.കെ.
Friday, 20th February 2026, 8:25 am

 

ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. ഗ്രൂപ്പ് ബി-യിലെ ഓസ്‌ട്രേലിയ – ഒമാന്‍ മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ശേഷിക്കുന്നത്.

ഏറെ നാടകീയതകള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2026 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നേപ്പാള്‍ വിറപ്പിച്ചതും മൈറ്റി ഓസീസിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്താകലും ഇറ്റലിയുടെ ആദ്യ ലോകകപ്പ് വിജയവുമെല്ലാം ഈ ലോകകപ്പിന്റെ ഹൈലൈറ്റ് മൊമെന്റുകളായി മാറി.

ആരാധകരെ ഏറെ ആവേശം കൊള്ളിച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്കും ഗ്രൂപ്പ് ഘട്ടം സാക്ഷ്യം വഹിച്ചിരുന്നു. അതില്‍ എടുത്ത് പറയേണ്ട പ്രകടനങ്ങളിലൊന്ന് ലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റേതാണ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണെങ്കിലും തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയതാണ് മെന്‍ഡിസിന്റെ പ്രകടനത്തെ സ്‌പെഷ്യലാക്കുന്നത്.

കുശാല്‍ മെന്‍ഡിസ്.

ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു ശ്രീലങ്കയുടെ ആദ്യ മത്സരം. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 പന്ത് നേരിട്ട താരം പുറത്താകാതെ 53 റണ്‍സ് സ്വന്തമാക്കി.

ഒമാനെതിരായ രണ്ടാം മത്സരത്തില്‍ 45 പന്തില്‍ 61 റണ്‍സ് നേടിയ മെന്‍ഡിസ് ഓസ്‌ട്രേലിയക്കെതിരെ 38 പന്തില്‍ 51 റണ്‍സും സ്വന്തമാക്കി. മെന്‍ഡിസ് അര്‍ധ സെഞ്ച്വറിയടിച്ച മൂന്ന് മത്സരത്തിലും ലങ്ക വിജയിക്കുകയും ചെയ്തു.

കുശാല്‍ മെന്‍ഡിസ്.

 

സിംബാബ്‌വേക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മാത്രമാണ് മെന്‍ഡിസ് മങ്ങിയത്. 20 പന്ത് നേരിട്ട താരം 14 റണ്‍സ് മാത്രമാണ് നേടിയത്. ഒറ്റ ബൗണ്ടറി പോലും സ്വന്തമാക്കാനും മെന്‍ഡിസിനായില്ല. ഈ മത്സരത്തില്‍ ലങ്ക പരാജയപ്പെടുകയും ചെയ്തു.

നിലവില്‍ നാല് മത്സരത്തില്‍ നിന്നും 60.66 ശരാശരിയില്‍ 182 റണ്‍സാണ് മെന്‍ഡിസിന്റെ പേരിലുള്ളത്.

മെന്‍ഡിസ് മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ ആരാധകര്‍ക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പല ഇതിഹാസങ്ങളും പ്രവചിച്ച അഭിഷേകിന് ഇതുവരെ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചിട്ടില്ല.

അഭിഷേക് ശര്‍മ

യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായിട്ടായിരുന്നു അഭിഷേകിന്റെ മടക്കം. നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ അനാരോഗ്യം കാരണം പുറത്തിരിക്കേണ്ടി വന്ന അഭിഷേക് പാകിസ്ഥാനെതിരെ നാല് പന്ത് നേരിട്ടും നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് പന്ത് നേരിട്ടും പൂജ്യത്തിന് മടങ്ങി.

ഒടുവില്‍ കളിച്ച ഏഴ് ടി-20കളില്‍ അഞ്ചിലും താരം പൂജ്യത്തിനാണ് മടങ്ങിയത് എന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.

ബിഗ് ടൂര്‍ണമെന്റിന്റെ സമ്മര്‍ദം തന്നെയാകും അഭിഷേകിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്. അഭിഷേകിന്റെ എക്‌സ്‌പ്ലോസീവ് ബാറ്റിങ് കരുത്ത് എത്രത്തോളമുണ്ടെന്ന് ആരാധകര്‍ക്കും എതിരാളികള്‍ക്കും ഒരുപോലെ അറിയാവുന്നതുമാണ്. വരും മത്സരങ്ങളില്‍ താരം മികച്ച പ്രകടനവുമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Kusal Mendis scored 3 consecutive 50s and Abhishek Sharma out for duck in 3 consecutive matches

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.