'ഭയമില്ല'; സംഘപരിവാര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കുരീപ്പുഴ; പ്രിയ കവിക്ക് പിന്നില്‍ അണിനിരന്ന് സാംസ്‌കാരിക കേരളവും
Kerala News
'ഭയമില്ല'; സംഘപരിവാര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്ന് കുരീപ്പുഴ; പ്രിയ കവിക്ക് പിന്നില്‍ അണിനിരന്ന് സാംസ്‌കാരിക കേരളവും
ലിജിന്‍ കടുക്കാരം
Tuesday, 6th February 2018, 9:24 pm

കൊല്ലം അഞ്ചല്‍ കോട്ടുക്കലില്‍ തിങ്കളാഴ്ച്ച രാത്രിയാണ് കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ ആര്‍.എസ്.എസിന്റെ ആക്രമണമുണ്ടായത്. വടയമ്പാടി സമരത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് കൈയ്യേറ്റ ശ്രമത്തിനു തൊട്ടുപിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ അമ്പതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞിറങ്ങവേയായിരുന്നു മലയാളത്തിന്റെ പ്രിയ കവിയെ സംഘം ചേര്‍ന്നെത്തിയ ആക്രമികള്‍ കൈയ്യേറ്റം ചെയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വര്‍ഗ്ഗീയതയെക്കുറിച്ചും വടയമ്പാടിയില്‍ നടക്കുന്ന ജാതി മതില്‍ വിരുദ്ധ സമരത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ കുരീപ്പുഴ സംസാരിച്ചതില്‍ പ്രകോപിതരായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റം.

ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് കുരീപ്പുഴ കാറില്‍ കയറിപ്പോഴായിരുന്നു കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് കൈയ്യേറ്റം ചെയ്തത്. വാഹനവും അക്രമികള്‍ കേടുവരുത്തിയിരുന്നു.

തനിക്കെതിരെ നടന്നത് സംഘം ചേര്‍ന്നുള്ള ആസൂത്രിത ആക്രമണമാണെന്നാണ് സംഭവത്തെക്കുറിച്ചുള്ള കുരീപ്പുഴയുടെ പ്രതികരണം. ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. “തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടായതുകൊണ്ട് ശാരീരികമായി ആക്രമികള്‍ നേരിട്ടില്ല. അവര്‍ ചുറ്റും നിലയുറപ്പിച്ചിരുന്നു” അദ്ദേഹം പറയുന്നു.

 

നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി നടന്നതെന്നും സ്ത്രീകളുള്‍പ്പെടെ നിരവധി പേരുണ്ടായിരുന്ന വേദിയാണെന്നും പറഞ്ഞ കുരീപ്പുഴ വടയമ്പാടി വിഷയത്തെക്കുറിച്ച് സംസാരിച്ചത് ഒരു സംഘത്തെ പ്രകോപിപ്പിക്കുകയായിരുന്നെന്നും പറയുന്നു. വടയമ്പാടിയില്‍ പൊതുയിടം എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ആര്‍.എസ്.എസസിന്റെ പിന്‍ബലത്തില്‍ ആളുകള്‍ കെട്ടിയടച്ചെന്നും അവിടെയൊരു സമരം നടക്കുകയാണെന്ന കാര്യവും ഇന്നലെ നടത്താന്‍ ശ്രമിച്ച ആത്മാഭിമാന കണ്‍വെന്‍ഷന്‍ അവര്‍ക്ക് വേണ്ടെന്നും വെക്കേണ്ടിവന്നെന്ന കാര്യവുമാണ് ഞാന്‍ പറഞ്ഞതെന്നും കുരീപ്പുഴ പറയുന്നു.

അതിനു പുറമെ അശാന്തന്റെ വിഷയവും താന്‍ പറഞ്ഞിരുന്നെന്നും കുരീപ്പുഴ പറയുന്നു. “ആത്മാഭിമാന കണ്‍വെന്‍ഷന്‍ അവര്‍ക്ക് വേണ്ടെന്നും വെക്കേണ്ടിവന്നു. പൊലീസുമെല്ലാം അത് നടത്താന്‍ സമ്മതിച്ചില്ല. ആര്‍.എസ്.എസ്സുകാര്‍ അവിടെ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചീത്ത വിളിക്കുകയുമെല്ലാം ചെയ്തു. അതുപൊലെ അശാന്തനെന്നു പറയുന്ന ആര്‍ട്ടിസ്റ്റിന്റെ മൃതദേഹം ദര്‍ബാര്‍ഹാളില്‍ വയ്ക്കുവാനും അവര്‍ സമ്മതിച്ചില്ല. അപ്പൊ ഇതെല്ലാം പറഞ്ഞിട്ട് ഞാന്‍ ജനങ്ങളോട് പറഞ്ഞു നിങ്ങളുടെ ഈ പൊതു സ്ഥലം നിങ്ങള്‍ ഒരിക്കലും കെട്ടിയടക്കാന്‍ അനുവദിക്കരുത്. ആ രീതിയില്‍ ജാതിയ്ക്കും മതത്തിനു അതീതമായ ഒരു ചിന്ത നിങ്ങള്‍ക്ക് ഉണ്ടാകാണം എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്.” അദ്ദേഹം പറയുന്നു.

അത് കഴിഞ്ഞു പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ ഒരുകൂട്ടം ആളുകള്‍ വന്നിട്ട് വളരെ രോഷാകുലമായി എന്നോട് പ്രതികരിക്കുകയായിരുന്നെന്നും. തെറി വിളിച്ചെന്നും പറയുന്ന കുരീപ്പുഴ അവരുടെ സംസ്‌കാരത്തിനനുസരിച്ചുള്ള വര്‍ത്താനങ്ങള്‍ അവരുടെ നാവുകളില്‍ നിന്നും ഉണ്ടായെന്നും വിമര്‍ശിച്ചു.

വായനശാല ഭാരവാഹികളും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ.സി അനിതനും ഒപ്പമുണ്ടായിരുന്നവരുമെല്ലാം ചേര്‍ന്ന് ഒരു സംരക്ഷിത വലയം ഉണ്ടാക്കിയെന്നും അതില്ലായിരുന്നെങ്കില്‍ അവരെന്നെ കായികമായി ആക്രമിച്ചേക്കുമെന്നായിരുന്നെന്നാണ് എനിക്ക് തോന്നുന്നതെന്നും പറഞ്ഞ കുരീപ്പുഴ എന്നാല്‍ തനിക്ക് ഭയമില്ലെന്നും വ്യക്തമാക്കി. “ഭയമില്ല സാംസ്‌കാരിക യാത്ര കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ ആളാണ് ഞാന്‍. കേരളം മുഴുവന്‍ നടന്ന് ഇത്തരം കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ ഉണ്ടാവാത്ത ഭയം എനിയ്ക്കുണ്ടാകേണ്ട കാര്യമില്ലലോ.. അത് മാത്രമല്ല എനിക്ക് 62 വയസ്സായി ഏത് നിമിഷം വേണമെങ്കിലും മരിക്കാം അതുകൊണ്ട് തന്നെ ഭയമില്ല.” അദ്ദേഹം പറയുന്നു.

 

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് കുരീപ്പുഴയ്‌ക്കെതിരായ അക്രമത്തെ കേരളം നോക്കികണ്ടത്. കവിക്കെതിരെ നടന്ന അക്രമത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ യോഗങ്ങളും നടന്നു. മുഖ്യമന്ത്രിയുള്‍പ്പെടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗ്ഗീയത ഭീകരത കേരളത്തിലും തലപൊക്കുന്നു എന്നതിന്റെ ഉദാഹരണമാണ് തനിക്ക് നേരെയുണ്ടായ ആക്രമണമെന്ന് കുരീപ്പുഴ നേരത്തെ പറഞ്ഞിരുന്നു. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും തനിക്കെതിരായ ആക്രമണത്തിന് ശേഷം മതേതര കേരളം നല്‍കിയ പിന്തുണ വലുതാണെന്നും അദേഹം പറഞ്ഞു.

കുരീപ്പുഴയ്‌ക്കെതിരെ ആര്‍.എസ്.എസ്- ബി.ജെ.പി സംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍ മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്നും സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടുമെന്നും പറഞ്ഞു.

ധബോല്‍ക്കര്‍ക്കും ബന്‍സാരക്കും കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ നഷ്ടപ്പെട്ടത് ഇത്തരത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടായിരുന്നെന്നും പിണറായി പറഞ്ഞു. “അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്.” മുഖ്യമന്ത്രി പറയുന്നു.

പിണറായി വിജയന്‍

ആര്‍.എസ്.എസ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആര്‍.എസ്.എസ് നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.

രാജ്യത്ത് ഹിന്ദുത്വ ആശയങ്ങള്‍മാത്രം പ്രചരിപ്പിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്സെന്നും അവരുടെ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ത്ത് നിലപാടെടുക്കുന്ന വ്യക്തിയാണ് കുരീപ്പുഴയെന്നും പറഞ്ഞ കാനം ദളിത് വിഷയങ്ങളില്‍ ആര്‍.എസ്.എസിനുള്ള അസഹിഷ്ണുതയാണ് കുരീപ്പുഴയ്ക്കു നേരേയുള്ള ആക്രമത്തിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു.

കുരീപ്പുഴയ്‌ക്കെതിരായ ആക്രമത്തില്‍ പ്രതിഷേധിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് നിങ്ങളുടെ കണ്ണില്‍ നോക്കി ചില കാര്യങ്ങള്‍ പറഞ്ഞു തന്നെയാണ് ആ മനുഷ്യന്‍ ഇന്നലെവരെ നടന്നതെന്നും അയാള്‍ നാളെയും അങ്ങിനെ തന്നെ നടന്നുപോകുമെന്നുമായിരുന്നു പറഞ്ഞത്. ആര്‍.എസ്.എസ് പതിവുപോലെ കല്ലില്‍ കടിച്ചു പുല്ല് കളയുകയാണെന്നും കെ.ജെ പറഞ്ഞു.

അക്രമണത്തെ അപലപിച്ച് രംഗത്തെത്തിയ എഴുത്തുകാരി കെ.ആര്‍.മീര കുരീപ്പുഴയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഴുതിയ കവിതയും കേരളം ഏറ്റെടുക്കുകയുണ്ടായി. “ഏഡേ മിത്രോം കുരീപ്പുഴയങ്ങ് വിരണ്ട് കാണും” എന്ന് പറഞ്ഞ് ആരംഭിക്കുന്ന കവിത പേടി കൊണ്ട് കുരീപ്പുഴയുടെ നാവു വിരണ്ടുകാണുമെന്നും ശരീരം കിടുകിടാ വിറച്ചുകാണുമെന്നും കേട്ടതെറിയോര്‍ത്തു കരഞ്ഞുകാണും എന്നും പറയുന്നു.

കെ.ജെ ജേക്കബ്

അതേസയമം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമത്തെ തള്ളാതെ കവിയെ അധിക്ഷേപിക്കുന്ന നിലപാടായിരുന്നു സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്. കുരീപ്പുഴ ശ്രീകുമാറിനെതിരെ രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്ന കുരീപ്പുഴക്കാണ് ശരിക്കും അസഹിഷ്ണുതയെന്നായിരുന്നു പറഞ്ഞത്.

കുരീപ്പുഴയ്ക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും കുമ്മനം പറയുകയുണ്ടായി. എന്നാല്‍ കുമ്മനത്തേക്കാള്‍ ഒരുപടി കടന്നായിരുന്നു ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ പ്രതികരണം പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടിയാണ് ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ കുരീപ്പുഴ ശ്രമിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപം.

കെ സുരേന്ദ്രന്‍

“കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.” എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.