കുര്‍ദ് ഭൂരിപക്ഷ ഭൂപ്രദേശത്തില്‍ ഒരു സ്വതന്ത്ര മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് രാജ്യം സ്ഥാപിക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. യു.എസ്, യൂറോപ്യന്‍ യുണിയന്‍, നാറ്റോ എന്നിവര്‍ പി.കെ.കെയെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് (വെള്ളി) വടക്കന്‍ ഇറാഖിലെ സുലൈമാനിയയില്‍ നടന്ന പ്രതീകാത്മക നിരായുധീകരണത്തിലൂടെയാണ് കുര്‍ദിഷ് പാര്‍ട്ടി അവരുടെ സായുധ പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 40 സായുധ പോരാളികളും ഒരു കമാന്‍ഡറുമടങ്ങിയ സംഘമാണ് ആയുധങ്ങള്‍ താഴെവെച്ചത്. ഇവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.
അതീവ സുരക്ഷയിലാണ് ഈ നീക്കങ്ങള്‍ നടന്നത്. എന്നിരുന്നാലും മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ടര്‍ക്കിഷ്-ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കുര്‍ദിസ്ഥാന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രവര്‍ത്തകരും തുര്‍ക്കിയിലെ കുര്‍ദിഷ് അനുകൂല പ്രതിപക്ഷ പാര്‍ട്ടിയായ ഡി.ഇ.എമ്മിലെ അംഗങ്ങളും ആയുധ നിരായുധീകരണത്തില്‍ പങ്കെടുത്തു.
മെയ് മാസത്തില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് പി.കെ.കെ പിരിച്ചുവിട്ടിരുന്നു. ചരിത്രപരമായ നീക്കങ്ങള്‍ പൂര്‍ത്തിയായെന്ന് പ്രഖ്യാപിച്ചാണ് കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി പിരിച്ചുവിട്ടത്. അബ്ദുല്ല ഒകലാന്റെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നു പി.കെ.കെയുടെ തീരുമാനം.
ജനാധിപത്യ രാഷ്ട്രീയത്തിലൂടെ കുര്‍ദ് വിമോചനം ഉണ്ടാകുമെന്നായിരുന്നു ഒകലാന്റെ പ്രഖ്യാപനം. അബ്ദുല്ല ഒകലാന്‍ 1999 മുതല്‍ ഏകാന്ത തടവില്‍ കഴിയുകയാണ്.
നിരായുധീകരണ ചടങ്ങ് പൂര്‍ത്തിയായതോടെ പതിറ്റാണ്ടുകള്‍ നീണ്ട കലാപത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന് വിജയം അവകാശപ്പെടാനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നിരായുധീകരണവുമായി ബന്ധപ്പെട്ട് 2024 ഒക്ടോബര്‍ മുതല്‍ എര്‍ദോഗാന്‍ സര്‍ക്കാരും കുര്‍ദിഷും തമ്മില്‍ പരോക്ഷമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അതേസമയം നിരായുധീകരണ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് ഇറാഖി കുര്‍ദിഷ് പെഷ്‌മെര്‍ഗ താവളങ്ങള്‍ക്ക് സമീപവും സുലൈമാനിയയിലും കിര്‍ക്കുക്കിലും ഡ്രോണ്‍ ആക്രമണമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Content Highlight: Kurdish fighters in Turkey lay down their weapons