യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം കോണ്‍ഗ്രസിലെ അനൈക്യം; തിരുത്തല്‍ വേണമെന്ന് കുഞ്ഞാലിക്കുട്ടി
Daily News
യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം കോണ്‍ഗ്രസിലെ അനൈക്യം; തിരുത്തല്‍ വേണമെന്ന് കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2016, 6:16 pm

തിരുവനന്തപുരം: യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരുത്തല്‍ വേണമെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിലെ അനൈക്യമാണ് യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രശ്‌നപരിഹരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

യു.ഡി.എഫില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ എതിര്‍ത്തില്ല.

നിലവില്‍ യു.ഡി.എഫില്‍ പല പോരായ്മകളുമുണ്ട്. യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ അനൈക്യവും മറ്റു പ്രശ്‌നങ്ങളുമാണ്. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങണം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് ഒരുമിച്ച് നില്‍ക്കേണ്ടത് യു.ഡി.എഫിന്റെ കെട്ടുറപ്പിന് ആവശ്യമാണെന്നും പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്നും മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരം നടത്തും. വരുന്ന 23ന് ഹൈക്കമാന്‍ഡുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ പുനഃസംഘടയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.