ഇസയുമായി ഗുസ്തി പിടിക്കുന്ന മമ്മൂട്ടി; വീഡിയോക്ക് പിന്നിലെ കഥ പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
Entertainment news
ഇസയുമായി ഗുസ്തി പിടിക്കുന്ന മമ്മൂട്ടി; വീഡിയോക്ക് പിന്നിലെ കഥ പറഞ്ഞ് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st September 2023, 9:21 am

കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത മമ്മൂട്ടിയും മകന്‍ ഇസഹാക്കും ഉള്‍പ്പെട്ട രസകരമായ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുമായി പഞ്ചഗുസ്തി പിടിക്കുന്ന ഇസഹാക്കിന്റെ വീഡിയോ ആണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തത്. ‘The Mega kid Mammookka with my kid’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവെച്ചത്.

ഈ വീഡിയോക്ക് പിന്നിലെ കഥ പറയുകയാണ് കുഞ്ചാക്കോ ബോബന്‍. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംഭവത്തെ പറ്റി ചോദിച്ചപ്പോള്‍ പദ്മിനി ഇറങ്ങിയ സമയത്ത് തങ്ങള്‍ പുറത്തായിരുന്നുവെന്നും ആ സമയത്ത് മമ്മൂക്കയുടെ അടുത്ത് ചെന്നപ്പോള്‍ സംഭവിച്ച ഒരു കുസൃതി ആയിരുന്നു അതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഇസയുടെ ഇഷ്ടസിനിമകളെ പറ്റിയും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. ‘ന്നാ താന്‍ കേസ് കൊട് അവന് ഭയങ്കര ഇഷ്ടമാണ്. അത് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. കാരണം കൊച്ചുകുട്ടികള്‍ക്ക് അത് മനസിലാവുമോ എന്നൊരു സംശയമുണ്ടായിരുന്നു. അവന് എന്നെ തന്നെ മനസിലാവുമോ, ഭാഷ മനസിലാകുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ അതിലെ ചില ഡയലോഗുകളും കാര്യങ്ങളും ഇസു ആസ്വദിക്കുന്നുണ്ട്. ഫ്‌ളോ പോയി, അറസ്റ്റ് ചെയ്യഡോ എന്ന് മജിസ്‌ട്രേറ്റ് പറയുന്നതൊക്കെ അവന്‍ ആസ്വദിക്കുന്നുണ്ട്.

മിന്നല്‍ മുരളിയുടെ വലിയൊരു ആരാധകനാണ് ഇസു. അതെനിക്ക് വലിയ ഇഷ്ടമല്ലായിരുന്നു. കാരണം ഞാന്‍ ആ സിനിമയില്‍ ഇല്ല. പക്ഷേ ന്നാ താന്‍ കേസ് കൊട് ഇറങ്ങി അതിലെ പാട്ടു ഡാന്‍സുമൊക്കെ അവന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഹാപ്പിയായി,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഇസയുടെ ഫേവറീറ്റ് ആക്ടര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ കിങ് കോങ് ആണെന്ന് തോന്നുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ഇസ ഇനി സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും തങ്ങള്‍ ചെയ്യുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ‘സിനിമക്ക് വേണ്ടി അവനെ മോള്‍ഡ് ചെയ്‌തെടുക്കുന്ന പരിപാടി ഒന്നുമില്ല. അവന് ഇഷ്ടമാണെങ്കില്‍ ചെയ്യട്ടെ, പഠിക്കട്ടെ, സ്വന്തം കാലില്‍ നില്‍ക്കട്ടെ. എന്നെ പ്രതീക്ഷിച്ചോ എന്റെ ഭാര്യയെ പ്രതീക്ഷിച്ചോ ഒന്നും ചെയ്യണ്ട,’ കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kunjako Boban talks about the video of Mammootty and Isahack