ആലപ്പുഴ: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, ഈ വിഷയത്തില്‍ ലീഗ് ഇടപെടാന്‍ വൈകിയിട്ടില്ലെന്നും പറഞ്ഞു.
‘മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന നല്ലത്. എന്നിട്ട് എന്തുണ്ടായി? എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഒരു കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗ് ഇടപെടാന്‍ വൈകിയിട്ടില്ലെന്നും ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണ്, കേരളത്തിന് അപമാനമാണ്. ക്ഷുദ്രശക്തികള്‍ വിഷയം ഊതിവീര്‍പ്പിക്കാന്‍ ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്ന നിലപാടാണ് എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം സ്വീകരിച്ചത്. മൗലിക-ഭരണഘടനാപരമായ അവകാശ ഉയര്‍ത്തിപ്പിടിച്ച വിദ്യാഭ്യാസ വകുപ്പിന് ഹൃദയാഭിവാദ്യങ്ങള്‍ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ച പോസ്റ്റില്‍ സജല്‍ ഇബ്രാഹിം കുറിച്ചത്.
തട്ടം വിവാദത്തില്‍ മുസ്‌ലിം ലീഗ് പ്രതികരിക്കാത്തതില്‍ സി.പി.ഐ.എം നേതാവ് പി. സരിന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിക്ക് സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വരില്ല എന്നായിരുന്നു സരിന്റെ വിമര്‍ശനം. മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടി കൊണ്ട് കേരളത്തിനോ മുസ്‌ലിം വിഭാഗത്തിനോ ഒരു ഗുണവുമുണ്ടാകില്ല എന്ന് ഈ വിഷയത്തിലൂടെ മനസിലാക്കേണ്ടതുണ്ടെന്നും സരിന്‍ കുറ്റപ്പെടുത്തി.
അതേസമയം, തട്ടം വിവാദത്തില്‍ സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിന് കോടതിയില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇ.യുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെയും നിലപാട് തേടിയാണ് ഹൈക്കോടതി സ്റ്റേ നിഷേധിച്ചത്
തട്ടം ധരിച്ചുകൊണ്ട് തന്നെ കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും ക്ലാസ് റൂമിലടക്കം തട്ടം ധരിച്ച് കൊണ്ട് കുട്ടിയെ പ്രവേശിപ്പിക്കണമെന്നും സ്‌കൂളിനോട് ആവശ്യപ്പെടുന്ന ഡി.ഡി.ഇയുടെ ഉത്തരവിനെതിരെയായിരുന്നു സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സ്‌കൂളിന്റെ അഭിഭാഷകയായ വിമല ബിനു ഹൈക്കോടതിയില്‍ വാദിച്ചത്.
എന്നാല്‍, ഡി.ഡി.ഇയുടെ ഉത്തരവ് റദ്ദ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് വി.ജി. അരുണാണ് കേസ് പരിഗണിച്ചത്. ഇടക്കാല സ്റ്റേ എങ്കിലും വേണമെന്ന് സ്‌കൂളിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ആ ആവശ്യവും തള്ളുകയായിരുന്നു.
Content Highlight: Kunhalikkutty slams government and V Sivankutty