യുവാവിനെ കുണ്ടറ പൊലീസ് മര്‍ദ്ദിച്ച സംഭവം; കുടല്‍ മുറിഞ്ഞ യുവാവ് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെന്ന് വക്കീല്‍; കേസെടുത്തതിലും പാളിച്ച
kERALA NEWS
യുവാവിനെ കുണ്ടറ പൊലീസ് മര്‍ദ്ദിച്ച സംഭവം; കുടല്‍ മുറിഞ്ഞ യുവാവ് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെന്ന് വക്കീല്‍; കേസെടുത്തതിലും പാളിച്ച
ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 9:26 pm

കൊല്ലം: കുണ്ടറ പൊലീസ് മര്‍ദ്ദിച്ച യുവാവിന്റെ അവസ്ഥ വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. യുവാവിന്റെ കുടല്‍ മുറിഞ്ഞിട്ടുണ്ടെന്നും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വക്കീല്‍ പറഞ്ഞു.

കുണ്ടറ പടപ്പക്കര സ്വദേശി കുളത്തിപ്പൊയ്ക മേലതില്‍ വീട്ടില്‍ സജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. രണ്ടു മാസത്തിനുളളില്‍ പൊലീസ് നിയമനം കാത്തിരിക്കുകയാണ് സജീവ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവാവിനുമേല്‍ കേസ് ചുമത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്. കേസില്‍ മൂന്നാം പ്രതിയെന്ന് ആരോപിക്കുന്ന സജീവ് ഇപ്പോളും പൊലീസ് റിമാന്‍ഡിലാണ്. പൊലീസ് അക്രമങ്ങളെപറ്റി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയില്ലെന്നും പരാതി ഉയരുന്നു. സജീവിന്റെ ഭാര്യയും പൊലീസാണ്. ഇവര്‍ തമ്മില്‍ വിവാഹ മോചനക്കേസ് നടക്കുന്നുണ്ട്.

സജീവിനെ (35)തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കുണ്ടറ സ്വദേശി സജീവിനെയും സുഹൃത്തിനെയും റോഡില്‍ നിന്ന് കൂട്ടികൊണ്ടുപോയി പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വക്കീല്‍ കുണ്ടറ ജോസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘പൊലീസ് സെലക്ഷന്‍ ലഭിച്ച യുവാവാണ് സജീവ്. രണ്ടുമാസത്തിനുള്ളില്‍ നിയമനം ലഭിക്കേണ്ടതായിരുന്നു. നവംബര്‍ 24നാണ് സജീവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

294ബി, 353, 118എ എന്നീ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊതുസ്ഥലത്ത് നിന്ന് തെറിവിളിച്ചു, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് മദ്യപിച്ച് കലഹസ്വഭാവിയായി കാണപ്പെട്ടു എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് പൊലീസ് സജീവ് അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തത് ‘.എന്നാല്‍ പൊലീസ് കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വക്കീല്‍ കുണ്ടറ ജോസ് ആരോപിച്ചു.

’24 മണിക്കൂറിലധികം സമയം യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ വെച്ചതിന് ശേഷമാണ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. 24ന് അറസ്റ്റ് ചെയ്‌തെങ്കിലും 25നാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. 26നാണ് യുവാക്കളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സജീവിനെ കസ്റ്റഡിയില്‍ വെച്ച് പൊലീസ് ബൂട്ടിട്ട് ചവിട്ടിയതോ മേശയില്‍ വച്ച് അടിച്ചതോ ആവാമെന്നാണ് ഡോക്ടര്‍ പറയുന്നത്.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടില്ല. സജീവിന്റെ കൂടെയുള്ള രണ്ടുപേര്‍ക്ക് ജാമ്യം കിട്ടിയെങ്കിലും സജീവിന് ജാമ്യം അനുവദിച്ചില്ല’. മറ്റൊരു അഭിഭാഷകന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘സ്റ്റേഷനില്‍ സി.സി.ടി.വി ഇല്ലാത്ത ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി അവിടെ വെച്ചാണ് പൊലീസ് സജീവിനെ മര്‍ദ്ദിച്ചത്. ബൂട്ടിട്ട് ചവിട്ടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചവിട്ടു കൊണ്ട് യുവാവിന്റെ ആന്തരികാവയവങ്ങള്‍ തകര്‍ന്ന നിലയിലാണ്. വന്‍കുടല്‍ രണ്ടായി മുറിഞ്ഞിട്ടുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്.

ആശുപത്രിയില്‍ നിന്നും യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദ്ദനങ്ങളെപ്പറ്റി മജിസ്‌ട്രേറ്റ് അന്വേഷണം നടത്തിയില്ല. സജീവിനെ റിമാന്‍ഡ് ചെയ്യണമെന്ന് പറയുകയാണുണ്ടായത്. ശാരീരികാസ്വസ്ഥ്യം കാരണം വീണ്ടും യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ കാണിച്ചു.

ആന്തരികാവയവങ്ങള്‍ക്ക് കേടുള്ളതിനാല്‍ അവിടെ നിന്നും യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ശസ്ത്രക്രിയ നടത്തിയത്. സജീവിന് വാരിയെല്ലിനും ക്ഷതമേറ്റിരുന്നു. ശരീരത്തില്‍ ട്യൂബുകളിട്ട നിലയിലാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് സജീവിനെ കണ്ടത്. സംസാരിക്കാന്‍ കൂടി കഴിയാത്ത നിലയിലായിരുന്നു സജീവ് ഉണ്ടായിരുന്നത്. മുഴുവന്‍ വിവരങ്ങളും ചോദിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും പൊലീസ് ഇറക്കി വിടുകയായിരുന്നു.

യുവാവിന്റെ മൊഴി പൊലീസ് ഇതുവരെയും എടുത്തിട്ടില്ല. കൊല്ലം ജില്ലാകോടതിയില്‍ യുവാവിന്റെ മൊഴിരേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ തിയ്യതി നീട്ടി വെച്ചിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് സ്റ്റേഷനില്‍ നിന്നും യുവാവിന് നേരെ മര്‍ദ്ദനമേ ഉണ്ടായിട്ടില്ലെന്നാണ് കുണ്ടറ എസ്.ഐ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. ‘ആരോപണങ്ങള്‍ കള്ളമാണ്. യുവാവിനെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാനും വൈകിയിട്ടില്ല.

ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തേ തന്ന പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. ഡോക്ടര്‍ പറഞ്ഞത് സജീവിന് സെപ്റ്റിക് അള്‍സറോ കാന്‍സറോ ആണെന്നാണ്. കസ്റ്റഡിയില്‍ എടുത്തതിന് ശേഷം അയാള്‍ക്ക് വയറുവേദന വരുകയായിരുന്നു’. കുണ്ടറ എസ്.ഐ പറഞ്ഞു.