'തനിക്ക് ഞാന്‍ ഡേറ്റ് തന്നല്ലോ പിന്നെ എന്തിനാ കേസ് കൊടുക്കുന്നത്' എന്നായിരുന്നു എന്റെ മറുപടി; ന്നാ താന്‍ കേസ് കൊട് സിനിമയുടെ ടൈറ്റിലിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
Entertainment news
'തനിക്ക് ഞാന്‍ ഡേറ്റ് തന്നല്ലോ പിന്നെ എന്തിനാ കേസ് കൊടുക്കുന്നത്' എന്നായിരുന്നു എന്റെ മറുപടി; ന്നാ താന്‍ കേസ് കൊട് സിനിമയുടെ ടൈറ്റിലിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th July 2022, 3:35 pm

 

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന.

കുഞ്ചാക്കോ ബോബന്‍ സമീപകാലത്ത് അഭിനയിക്കുന്ന പല സിനിമകളുടെയും പേരുകള്‍ വെറൈറ്റിയാകാറുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പേരിലും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. ആ പേരിടാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ഇപ്പോള്‍. കൈരളി ടി. വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രതീഷ് തന്നെയാണ് ഈ പേര് സജസ്റ്റ് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ടൈറ്റില്‍ ആളുകള്‍ക്ക് രസകരമായി തോന്നുന്നതാണ്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ടൈറ്റില്‍ കഥ പറഞ്ഞപ്പോള്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, എന്നാ താന്‍ പോയി കേസ് കൊട് എന്ന്. എന്ത് കേസെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. തനിക്ക് ഞാന്‍ ഡേറ്റ് തന്നല്ലോ പിന്നെ എന്തിനാ കേസ് കൊടുക്കുന്നത് എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ ഇതാണ് നമ്മുടെ സിനിമയുടെ ടൈറ്റിലെന്ന് രതീഷ് പറഞ്ഞു. അടിപൊളിയായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു.

ആള്‍ക്കാര്‍ ഇപ്പോഴും കേള്‍ക്കുകയും സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന വാക്കാണിത്. പക്ഷെ സിനിമയില്‍ ഇതുവരെ വന്നിട്ടില്ല. ഇതേ പോലെ ഒരുപാട് ടൈറ്റിലുകള്‍ ഉപയോഗിക്കാറുണ്ട്. അതിന് ഉദാഹരണമാണ് പ്രേമം. നമ്മള്‍ പ്രേമം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. പക്ഷെ അതൊരു സിനിമ പേരായി വരുന്നത് കുറെ കാലം കഴിഞ്ഞിട്ടാണല്ലോ. ന്നാ താന്‍ കേസ് കൊട് എന്ന ടൈറ്റിലില്‍ ഒരു രസവുമുണ്ട് അതേ സമയം കാര്യഗൗരവമായ വിഷയങ്ങളും വരുന്നുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Kunchako Boban talking about the title of the movie Nna Than Case Kodu