മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് എംസ് ഒന്നിക്കുന്ന പേട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുന്നത്. ഏകദേശം 19 വർഷങ്ങൾക്ക് ശേഷം മലയാളികളുടെ അഭിമാന താരങ്ങൾ ഒരുമിക്കുന്നുവെന്ന പ്രത്യേകത തന്നെ സിനിമയുടെ പ്രധാന ഹൈലൈറ്റാണ്.

പേട്രിയറ്റ്, Photo: Mammootty/ Facebook

അതോടൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയാകുകയാണ്. മെയ് ഒന്നിന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ പേർളി മാണിയുടെ ഷോയിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ‘പേട്രിയറ്റ്’ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

‘പേട്രിയറ്റിനെ പറ്റി ഒന്നും പറയേണ്ട കാര്യമില്ല. അത് നിങ്ങൾ കണ്ട് അറിയേണ്ടതാണ്. അനുഭവിക്കേണ്ടതാണ് തിയേറ്ററിൽ. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ബെഞ്ച്മാർക്ക് ആവാൻ സാധ്യതയുള്ള ഒരു സിനിമ ആണ്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

പേട്രിയറ്റ്, Photo: Mammootty/ Facebook

ഏപ്രിൽ 23ന് ചിത്രം തിയറ്ററുകളിൽ എത്തുന്നു എന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.
മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രാജ്യത്ത് സോഷ്യൽ സ്കോർ സംവിധാനം നടപ്പിലാക്കാനുള്ള സർക്കാർ നീക്കവും അതിനെതിരായ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

നയൻതാര, Photo: YouTube/ Screengrab

പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് നിർമാണം. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് നിർമാതാക്കൾ.

Content Highlight: Kunchako boban talk about the movie Patriot