ഭീഷ്മപര്‍വ്വം തിയേറ്ററില്‍ കണ്ടാലേ അതിന്റെ എഫക്റ്റ് കിട്ടൂ എന്ന് മലയാളികള്‍ നേരത്തെ തീരുമാനിച്ചു, തിയേറ്ററില്‍ സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ ഇഷ്ടമാണ്: കുഞ്ചാക്കോ ബോബന്‍
Entertainment news
ഭീഷ്മപര്‍വ്വം തിയേറ്ററില്‍ കണ്ടാലേ അതിന്റെ എഫക്റ്റ് കിട്ടൂ എന്ന് മലയാളികള്‍ നേരത്തെ തീരുമാനിച്ചു, തിയേറ്ററില്‍ സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ ഇഷ്ടമാണ്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 9:50 am

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമാവാന്‍ തുടങ്ങിയതോടെ തിയേറ്ററിലേക്ക് കാണികളെത്തുന്നില്ലെന്ന ചര്‍ച്ചകള്‍ സജീവമാണ്. ജനങ്ങള്‍ സിനിമകളുടെ കാര്യത്തില്‍ സെലക്ടിവ് ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന വാദവും നടക്കുന്നുണ്ട്. ഇതിനെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

തിയേറ്ററില്‍ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളുടെ ഇഷ്ടമാണെന്നും തിയേറ്ററിലേക്ക് കൊണ്ടുവരിക എന്നുള്ളത് സിനിമാക്കാരുടെ ഉത്തരവാദിത്തമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .


‘ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും നമ്മള്‍ പറയും സിനിമ തീര്‍ന്നു, തിയേറ്റര്‍ ഇല്ലാതായി എന്നൊക്കെ. തിയേറ്ററുകള്‍ അടച്ചുപൂട്ടുകയും കല്യാണമണ്ഡപങ്ങളായി മാറുന്നതുമായ അവസ്ഥ നമ്മള്‍ കണ്ടതാണ്. അതിനു ശേഷം എന്താണ് സംഭവിച്ചത്? റെവലൂഷനാണ് ഉണ്ടായത്.

ഏറ്റവും മോഡേണ്‍ ആയിട്ടുള്ള സൗകര്യങ്ങള്‍, സാങ്കേതികത എല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള മള്‍ട്ടിപ്ലക്‌സുകള്‍ വന്നു. അതും ഒന്നല്ല, ഒന്നിന്റെ സ്ഥാനത്ത് മൂന്നോ നാലോ സ്‌ക്രീനുകള്‍ വരുന്ന ഒരു സാഹചര്യം നമ്മള്‍ കണ്ടു. അപ്പോള്‍ തിയേറ്ററുകളില്‍ ആള്‍ക്കാര്‍ വന്നു.

ആ സമയത്തും ചാനലൊക്കെ ഉണ്ടായിരുന്നു. ഡി.വി.ഡിയും വി.സി.ഡിയും ഒക്കെ ഉണ്ടായിരുന്നു, പിന്നീട് ഒ.ടി.ടിയും വന്നു. എന്നിട്ട് പോലും തിയേറ്ററുകളില്‍ ആള്‍ക്കാര്‍ വരുന്നുണ്ട്. ആള്‍ക്കാര്‍ തീരുമാനിക്കുകയാണ്തിയേറ്ററില്‍ ഏതു പടം കാണണം, അല്ലെങ്കില്‍ ഒ.ടി.ടിയില്‍ ഏതു പടം കാണണമെന്ന്. ഉദാഹരണത്തിന് ‘ഭീഷ്മപര്‍വ്വം’ എന്ന സിനിമ തിയേറ്ററുകളില്‍ തന്നെ കണ്ടാലേ അതിന്റെ എഫക്റ്റ് കിട്ടൂ എന്ന് മലയാളികള്‍ നേരത്തെ തന്നെ തീരുമാനിച്ചു.

ടീസര്‍ കാണുമ്പോള്‍ അവര്‍ തീരുമാനിക്കും ട്രെയ്ലര്‍ കാണണോ വേണ്ടയോ എന്നുള്ളത്. എന്നിട്ടാണ് തിയേറ്ററില്‍ കാണണോ എന്ന് ഉറപ്പിക്കുന്നത്. ആ ഒരു രീതിയില്‍ മലയാളികള്‍ സിനിമയെ കാണാന്‍ തുടങ്ങി. തിയേറ്ററില്‍ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളുടെ ഇഷ്ടമാണ്. തിയേറ്ററിലേക്ക് കൊണ്ടുവരിക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്ത് വരാനുള്ളത്.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Kunchakko Boban says that audience decided earlier that Bheeshma Parvam will gets its effect only if they watch in theaters