ഒറ്റ് റിലീസിനൊരുങ്ങുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്
Entertainment news
ഒറ്റ് റിലീസിനൊരുങ്ങുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 8:42 pm

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം ഒറ്റിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് രണ്ടകമെന്നാണ്.

തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയില്‍ നായികയായി എത്തുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. ജാക്കി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്. സജീവാണ്. വിജയ് ആണ് ഛായാഗ്രാഹണം. അപ്പു ഭട്ടതിരി എഡിറ്റിങ്ങ്. സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം. റോണക്സ് സേവ്യര്‍ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി. പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ലൈന്‍.

Content Highlight:  Kunchacko Boban starring ottu movie release date announced