തെങ്ങിന്‍ മണ്ടേലെ ചാക്കോച്ചന്‍; കരിക്ക് ഷെയ്ക്ക് കുടിക്കാന്‍ തെങ്ങില്‍ വലിഞ്ഞുകയറി കുഞ്ചാക്കോ
Entertainment news
തെങ്ങിന്‍ മണ്ടേലെ ചാക്കോച്ചന്‍; കരിക്ക് ഷെയ്ക്ക് കുടിക്കാന്‍ തെങ്ങില്‍ വലിഞ്ഞുകയറി കുഞ്ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th March 2022, 6:30 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളുടെയും ക്രഷ് ആയിരുന്ന ചാക്കോച്ചന്‍ ചോക്ലേറ്റ് ബോയ് പരിവേഷത്തിലായിരുന്നു ആദ്യകാലത്ത് സിനിമയില്‍ നിറഞ്ഞിരുന്നത്.

റൊമാന്റിക് കഥാപാത്രങ്ങളില്‍ നിന്നും പിന്നീട് സീരിയസ് വേഷങ്ങളിലേക്കും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്കും ചുവടുമാറ്റിയപ്പോള്‍ ഒന്നുകൂടെ ചാക്കോച്ചന്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി.

ഇപ്പോഴിതാ, താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കരിക്ക് ഷെയ്ക്ക് കുടിക്കാന്‍ ആഗ്രഹം തോന്നിയപ്പോള്‍ തെങ്ങില്‍ കയറി കരിക്കിട്ടു എന്ന പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

‘ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങുകേറി….കരിക്കിട്ടു… ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു. ആഗ്രഹങ്ങള്‍ മാറ്റിവെക്കരുത്. പരിശ്രമിച്ചു, അപ്പോള്‍ത്തന്നെ സാധിക്കണം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തുന്നത്.

‘പണ്ട് എന്റെ അപ്പൂപ്പന്‍ കരിക്കിടാന്‍ തെങ്ങില്‍ കയറിയതാ…’ ‘തെങ്ങില്‍ നിന്നും വീണിരുന്നെങ്കില്‍ ശരിക്കും ഷെയ്ക്ക് ആയേനെ’ തുടങ്ങിയ രസകരമായ നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.

അയ്യങ്കാളിപ്പടയെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘പട’യാണ് കുഞ്ചാക്കോ ബോബന്റെതായി പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനൊപ്പം വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആദിവാസി ഭൂനിയമത്തില്‍ ഭേദഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്.

പ്രകാശ് രാജ്, കനി കുസൃതി, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി. രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ. ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കോട്ടയം രമേഷ്, സുധീര്‍ കരമന, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് പട നിര്‍മിച്ചത്

Content Highlight: Kunchacko Boban shares funny post in Instagram