മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കില്ലായിരുന്നു; എന്നാല്‍ കുടവയറ് കാണിച്ചാണ് ആ സിനിമയില്‍ അഭിനയിച്ചത്: കുഞ്ചാക്കോ ബോബന്‍
Entertainment news
മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കില്ലായിരുന്നു; എന്നാല്‍ കുടവയറ് കാണിച്ചാണ് ആ സിനിമയില്‍ അഭിനയിച്ചത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th March 2022, 2:26 pm

നായാട്ട്, ഭീമന്റെ വഴി, പട എന്നിങ്ങനെ തുടരെത്തുടരെ വന്ന സിനിമകളിലൂടെ റൊമാന്റിക് നായകന്‍ എന്ന തന്റെ ഇമേജ് അപ്പാടെ പിഴുത് മാറ്റിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

അരവിന്ദ് സ്വാമിക്കൊപ്പമുള്ള തമിഴ്- മലയാളം ചിത്രം ഒറ്റ്, മഹേഷ് നാരായണന്റെ അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലൊരുങ്ങുന്ന പ്രധാന സിനിമകള്‍.

അനിയത്തിപ്രാവിലൂടെ വന്ന് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്ന വേളയില്‍, തന്റെ കഥാപാത്രങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍.

തുടക്കത്തില്‍ എന്റെ മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കാത്ത ഒരാളായിരുന്നു താനെന്നും എന്നാല്‍ ഇന്ന് കഷണ്ടിക്കാരനായും നര കാണിച്ചും അഭിനയിക്കാന്‍ തയാറാണെന്നുമാണ് താരം പറയുന്നത്.

”1997 മാര്‍ച്ചിലായിരുന്നു അനിയത്തിപ്രാവ് റിലീസ് ചെയ്തത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 2022 മാര്‍ച്ചിലാണ് പട റിലീസ് ചെയ്യുന്നത്.

21ാം വയസില്‍ സിനിമയിലെത്തിയ ഞാന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ചെറിയ കാലയളവല്ല.

മനസും ശരീരവും പൂര്‍ണമായി അഭിനയത്തിന് വിട്ടുകൊടുക്കുന്ന കഥാപാത്രങ്ങളെ ചെയ്യാന്‍ പറ്റിയത് സമീപകാലത്തെ നേട്ടമായി ഞാന്‍ വിലയിരുത്തുന്നു.

തുടക്കത്തില്‍ എന്റെ മുടിയും മീശയുമൊന്നും തൊടാന്‍ പോലും സമ്മതിക്കാത്ത ഒരാളായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ കഷണ്ടിക്കാരനായി അഭിനയിക്കാനും നര കാണിച്ച് അഭിനയിക്കാനുമൊക്കെ തയാറാണ്.

മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി 79 കിലോ ഭാരം വരെയായി. കുടവയറ് കാട്ടിയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലേക്കെത്തുമ്പോള്‍ ഞാന്‍ ആറ് കിലോ കുറച്ച് 73 കിലോയായി,” ചാക്കോച്ചന്‍ പറഞ്ഞു.

Content Highlight: Kunchacko Boban about the transformation of his movie characters