ബി.ജെ.പി.യുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍
Daily News
ബി.ജെ.പി.യുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞെന്ന് കുമ്മനം രാജശേഖരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th May 2016, 12:17 pm

Kummanam-RajaShekharan

തിരുവനന്തപുരം: ബി.ജെ.പി.യുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

എല്‍.ഡി.എഫും, യു.ഡി.എഫുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ഒത്തുകളിക്കുന്നവര്‍ തമ്മില്‍ ശത്രുതയെന്ന് കാണിക്കാനാണ് ഈ ശ്രമങ്ങളെന്നും കുമ്മനം പറഞ്ഞു.

കേരളത്തില്‍ പോരാട്ടം ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.

കേരളത്തില്‍ പോരാട്ടം നടക്കുന്നത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും കേരളത്തില്‍ ബി.ജെ.പി ശക്തമായ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മൂന്നാം മുന്നണിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലും ഇതേ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ രംഗത്തെത്തിയിരുന്നു.

പോരാട്ടം നടക്കുന്നത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും ബി.ജെ.പിക്ക് കേരളത്തില്‍ ഒരു മുന്നേറ്റവും ഉണ്ടാകില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ ഈ പ്രസംഗം കോണ്‍ഗ്രസിന്റെ കുതന്ത്രമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ആ കുതന്ത്രം നടപ്പിലാകില്ലെന്നും മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണെന്നും ബേബി പറഞ്ഞു.