കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു
Daily News
കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th December 2015, 2:27 pm

Kummanam-Rajasekharanന്യൂദല്‍ഹി: ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു. ദേശീയ സമിതി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വി.മുരളീധരന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറാകും. ബുധനാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമെടുത്തത്.

നേരത്തെ, കേരളത്തിലെ ബി.ജെപ.ി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതൃയോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തിലെത്താനായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു. അധ്യക്ഷനമായി കുമ്മനം തന്നെ മതിയെന്നായിരുന്നു അമിത് ഷായുടെ തീരുമാനം.

നിലവില്‍ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമാണ് കുമ്മനം രാജശേഖരന്‍.

നിലയ്ക്കല്‍ പ്രക്ഷോഭം, പാലിയം വിളംബരം എന്നീ വിഷയങ്ങളില്‍ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചതായി വിലയിരുത്തപ്പെടുന്നു. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

ബാലസദനങ്ങളുടെ മേല്‍നോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുമ്മനം ശ്രദ്ധേയനായി.