'രാമക്ഷേത്രം നിര്‍മ്മിക്കാനായി പിരിച്ചെടുത്ത തുക നേതാക്കള്‍ പോക്കറ്റിലാക്കി'; ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി
national news
'രാമക്ഷേത്രം നിര്‍മ്മിക്കാനായി പിരിച്ചെടുത്ത തുക നേതാക്കള്‍ പോക്കറ്റിലാക്കി'; ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 6:06 pm

ബെംഗളൂരു: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ക്ഷേത്ര നിര്‍മ്മാണത്തിനായി സ്വരൂപിച്ച കല്ലുകളും പണവും നേതാക്കള്‍ സ്വന്തം കീശ വീര്‍പ്പിക്കാനാണ് ഉപയോഗിച്ചതെന്ന് കുമാരസ്വാമി ആരോപിച്ചു. കര്‍ണാടക നിയമസഭാ കൗണ്‍സിലിലായിരുന്നു കുമാരസ്വാമിയുടെ ആരോപണം.

“രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് അവര്‍ (ബി.ജെ.പി)പദയാത്ര നടത്തി. അതിനായി പണവും കല്ലുകളും ശേഖരിച്ചു. പക്ഷെ അവര്‍ കല്ലുകള്‍ ഓവുചാലില്‍ ഉപേക്ഷിച്ചു. പണം മുഴുവന്‍ സ്വന്തം പോക്കറ്റിലുമാക്കി. 1999 മുതല്‍ ബി.ജെ.പി രണ്ട് തവണ അധികാരത്തിലെത്തിയെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കാനായില്ല.”

നിയമസഭാ കൗണ്‍സിലില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. അതേസമയം, കുമാരസ്വാമി പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

” എന്തിനാണ് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നത്. 2006 ല്‍ തങ്ങളോടപ്പം അധികാരത്തിലിരുന്നപ്പോള്‍ ഈ വിഷയം അദ്ദേഹം ഉന്നയിച്ചില്ലല്ലോ. അദ്ദേഹം പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണം.” ബി.ജെ.പി എം.എല്‍.സി പറഞ്ഞു.

ALSO READ: ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ സക്കറിയ ആര്‍.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും; ഭീഷണിയുമായി ബി. ഗോപാലകൃഷ്ണന്‍

അതേസമയം, രാമക്ഷേത്രത്തിനായി സ്വീകരിച്ച കല്ലുകള്‍ ഓവുചാലില്‍ ഉപേക്ഷിച്ചെന്ന പ്രസ്താവന ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ പിന്‍വലിക്കുന്നതായും എന്നാല്‍ വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്ത പണം എവിടെപ്പോയെന്നും കുമാരസ്വാമി ചോദിച്ചു.

” ഞാന്‍ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്- നിങ്ങള്‍ രാമക്ഷേത്രത്തിന്റെ പേരില്‍ പണം സ്വീകരിച്ചിട്ടില്ലേ? ആ പണമെല്ലാം എവിടെപ്പോയി? ഇതിനെക്കുറിച്ച് നിങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലല്ലോ?”- കുമാരസ്വാമി ചോദിച്ചു.

ALSO READ: മോദിയുടെ ജയ്പൂര്‍ റാലിയ്ക്ക് ആളെയെത്തിക്കാന്‍ യാത്രയ്ക്കായി മാത്രം രാജസ്ഥാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 7.23 കോടി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തികസാഹയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: