കുതിരക്കച്ചവടം പര്യവസാനത്തിലേക്ക്; കുമാരസ്വാമി രാജി വച്ചു
Karnataka crisis
കുതിരക്കച്ചവടം പര്യവസാനത്തിലേക്ക്; കുമാരസ്വാമി രാജി വച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2019, 9:14 pm

ബെംഗലൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജിസമര്‍പ്പിച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ഡി.കെ ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് – ജെഡിഎസ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് കുമാരസ്വാമി രാജി സമര്‍പ്പിച്ചത്.

പതിനാല് മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരാണ് ഇന്നത്തെ വിശ്വാസവോട്ടെടുപ്പില്‍ താഴെവീണത്. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.

മുഖ്യമന്ത്രി പദം ഒഴിയാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരം ഒരാളില്‍ നിഷിപ്തമല്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞിരുന്നു.

അതേസമയം പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

രാജിവച്ച സ്വതന്ത്ര എം.എല്‍എമാര്‍ താമസിക്കുന്ന അപ്പാര്‍ട്ടമെന്റിന് പുറത്ത് ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ബെംഗ്ളൂരില്‍ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.