2026 ഐ.പി.എല്ലില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈയെ 30 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയത്.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
Q, maza aaya? 💗 pic.twitter.com/2UB40lzC92
— Rajasthan Royals (@rajasthanroyals) May 24, 2026
രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തതിന് പിന്നാലെ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയെ ശ്രീലങ്കന്‍ ഇതിഹാസവും രാജസ്ഥാന്‍ പരിശീലകനുമായ കുമാര്‍ സംഗക്കാര പ്രശംസിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ പരാഗയിരുന്നുവെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടായിരുന്നുവെന്നാണ് സംഗക്കാര പറഞ്ഞത്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരാഗിനെ പോലെ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം വിമര്‍ശനം നേരിട്ട താരത്തെ താന്‍ കണ്ടിട്ടില്ലെന്നും സംഗക്കാര വ്യക്തമാക്കി.
‘കഴിഞ്ഞ ഏഴ് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം വിമര്‍ശിക്കപ്പെട്ട ഒരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. ടീമില്‍ എത്തിയത് മുതല്‍ അവനെ ഇഷ്ടപ്പെടുന്നവരും വിമര്‍ശിക്കുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. എന്നാല്‍ ഇന്ന് ഇത് സാധാരണമായ കാര്യമാണ്. റിയാനെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചപ്പോള്‍ രാജസ്ഥാനെ നയിക്കാനുള്ള ഏറ്റവും ശരിയായ വ്യക്തി അവനാണെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു,’ കുമാര്‍ സംഗക്കാര പറഞ്ഞു.

രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് പരാഗ്. 2008ലെ ആദ്യ സീസണില്‍ ഷെയ്ന്‍ വോണിന് കീഴില്‍ കിരീടം നേടിയ രാജസ്ഥാന് നീണ്ട കാത്തിരിപ്പിന് ശേഷം രണ്ടാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ പരാഗിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നാല് വര്‍ഷം മുമ്പ് രാജസ്ഥാന്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ കീഴിലാണ് റോയല്‍സ് കലാശപ്പോരിന് യോഗ്യത നേടിയത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് ടീമിന് കിരീടം നഷ്ടമാവുകയായിരുന്നു.
2013ല്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിലും 2015ല്‍ സ്റ്റീവ് സ്മിത്തിന്റെ കീഴിലും പ്ലേ ഓഫിലെത്തിയ രാജസ്ഥാന്‍ 2018ല്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലും ആദ്യ നാലില്‍ ഇടം നേടി.
അതേസമയം മെയ് 26നാണ് ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്.
മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
Content Highlight: Kumar Sangakara praise Riyan Parag captaincy in Rajasthan Royals
