ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ യോര്‍ക്‌ഷെയറുമായി കരാറൊപ്പിട്ട് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം യോര്‍ക്‌ഷെയറിനായി കളത്തിലിറങ്ങും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്നതിന് പിന്നാലെയാണ് 31കാരന്റെ കൗണ്ടി അരങ്ങേറ്റം.

കളിക്കളത്തിലെ വരണ്ട സാഹചര്യങ്ങള്‍ സീസണിന്റെ അവസാന ഘട്ടത്തില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാകുമെന്ന കണക്കുകൂട്ടലിന് പിന്നാലെയാണ് യോര്‍ക്‌ഷെയര്‍ ഇന്ത്യന്‍ ചൈനാമാന്‍ സ്പിന്നറിനെ ടീമിലെത്തിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഗ്ലാമോര്‍ഗണെതിരായ 50 ഓവര്‍ മത്സരത്തിലൂടെയാണ് കുല്‍ദീപ് തന്റെ കൗണ്ടി കരിയറിന് തുടക്കമിടുന്നത്.

‘യോര്‍ക്‌ഷെയര്‍ പോലെ വലിയ പാരമ്പര്യവും അഭിമാനകരമായ ചരിത്രവുമുള്ള ഒരു ക്ലബ്ബിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയായി കാണുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കളിക്കുന്നത് താന്‍ എപ്പോഴും ആസ്വദിക്കാറുണ്ട്. ഹെഡിങ്‌ലിയില്‍ ടീമിന്റെ വിജയത്തിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് ടീമിനൊപ്പം ചേര്‍ന്നുകൊണ്ട് കുല്‍ദീപ് യാദവ് പറഞ്ഞത്.

അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം നടത്തുന്ന കുല്‍ദീപിന്റെ വരവ് ടീമിന് വലിയ കരുത്താകുമെന്ന് യോര്‍ക്‌ഷെയര്‍ ജനറല്‍ മാനേജര്‍ ഗാവിന്‍ ഹാമില്‍ട്ടണ്‍ പറഞ്ഞു.

കുല്‍ദീപ് യാദവ്

ഈ വേനല്‍ക്കാലം വരണ്ടതായതിനാല്‍ സീസണിന്റെ അവസാന ഘട്ടത്തില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും, കുല്‍ദീപിന്റെ ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്‍ ടീമിന് പുതിയൊരു മാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായാണ് ഈ ആദ്യഘട്ട കരാര്‍ തയാറാക്കിയിരിക്കുന്നത്.

കൗണ്ടിയില്‍ യോര്‍ക്‌ഷെയര്‍ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാണ് കുല്‍ദീപ് യാദവ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിങ്, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ഇതുവരെ യോര്‍ക്‌ഷെയറിനായി കളത്തിലറങ്ങിയത്.

2025ല്‍ ഋതുരാജ് ഗെയ്ക്വാദ് ക്ലബ്ബുമായി കരാറൊപ്പിട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ പിന്നീട് പിന്മാറുകയായിരുന്നു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പത്ത് വൈറ്റ് ബോള്‍ മത്സരങ്ങളില്‍ ഒന്നുപോലും കളിക്കാന്‍ കുല്‍ദീപിന് അവസരം ലഭിച്ചിരുന്നില്ല. വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റിട്ടും കുല്‍ദീപിനെ ബെഞ്ചിലിരുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനുശേഷമാണ് ഹെഡിങ്‌ലി ആസ്ഥാനമായുള്ള യോര്‍ക്‌ഷെയറിലേക്ക് താരം എത്തുന്നത്.

നിലവില്‍ വാര്‍വിക്‌ഷെയറിനായി കളിക്കുന്ന മാനവ് സുതറിന് കൂടാതെ യുസ്വേന്ദ്ര ചഹല്‍, ജയദേവ് ഉനദ്കട്ട്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, അശുതോഷ് ശര്‍മ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ താരങ്ങളും ഈ സീസണില്‍ വിവിധ കൗണ്ടി ടീമുകള്‍ക്കായി കളിക്കുന്നുണ്ട്.

 

Content highlight: Kuldeep Yadav signs with Yorkshire