ചരിത്ര നേട്ടത്തില്‍ കുല്‍ദീപ് സച്ചിനൊപ്പമെത്തിയത് നിങ്ങളറിഞ്ഞോ! രണ്ടാമനായി ഇന്ത്യയുടെ വജ്രായുധം
Asia Cup
ചരിത്ര നേട്ടത്തില്‍ കുല്‍ദീപ് സച്ചിനൊപ്പമെത്തിയത് നിങ്ങളറിഞ്ഞോ! രണ്ടാമനായി ഇന്ത്യയുടെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th September 2025, 8:32 pm

ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 127ന് പുറത്തായി.

കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് നേടി. ഇതോടെ 2025 ഏഷ്യാ കപ്പില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താനും താരത്തിനായി.

 

ഇതിനൊപ്പം ഏഷ്യാ കപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തേക്കും കുല്‍ദീപ് യാദവ് മുന്നേറി. 12 വിക്കറ്റുകളാണ് 2025 ഏഷ്യാ കപ്പില്‍ താരം സ്വന്തമാക്കിയത്. ഇതോടെ 2004 ഏഷ്യാ കപ്പിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിക്കറ്റ് നേട്ടത്തിനൊപ്പമെത്താനും താരത്തിന് സാധിച്ചു.

ഏകദിന ഫോര്‍മാറ്റില്‍ 2004ല്‍ നടന്ന ടൂര്‍ണമെന്റില്‍ 12.25 ശരാശരിയില്‍ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനും സച്ചിന്‍ തന്നെയായിരുന്നു. 14 വിക്കറ്റ് നേടിയ ഇര്‍ഫാന്‍ പത്താനായിരുന്നു ഒന്നാമന്‍.

ഏഷ്യാ കപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം

(താരം – വിക്കറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഇര്‍ഫാന്‍ പത്താന്‍ – 14 – 2004

കുല്‍ദീപ് യാദവ് – 12 – 2025*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 12 – 2004

ഭുവനേശ്വര്‍ കുമാര്‍ – 11 – 2022

കുല്‍ദീപ് യാദവ് – 10 – 2018

മുഹമ്മദ് സിറാജ് – 10 – 2023

ഫൈനലടക്കം ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ നിന്നും മൂന്ന് വിക്കറ്റ് നേടിയാല്‍ ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്താനും കുല്‍ദീപിന് സാധിക്കും.

2025 ഏഷ്യാ കപ്പില്‍ നിലവിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും കുല്‍ദീപ് തന്നെയാണ്. അഞ്ച് മത്സരത്തില്‍ നിന്നുമാണ് ചൈനാമാന്‍ സ്പിന്നര്‍ 12 വിക്കറ്റ് വീഴ്ത്തിയത്.

2025 ഏഷ്യാ കപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍

(താരം – ടീം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

കുല്‍ദീപ് യാദവ് – ഇന്ത്യ – 5 – 12

ജുനൈദ് സിദ്ദിഖ് – യു.എ.ഇ – 3 – 9

മുസ്തഫിസുര്‍ റഹ്‌മാന്‍ – 5 – 8

വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 5 – 7

നാളെയാണ് (വെള്ളി) ഇന്ത്യ സൂപ്പര്‍ ഫോറില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം പുറത്തായ ശ്രീലങ്കയാണ് എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇതുവരെ പരാജയപ്പെടാത്ത ഇന്ത്യ, ലങ്കയ്‌ക്കെതിരെയും മികച്ച വിജയം സ്വന്തമാക്കാനാണ് കോപ്പുകൂട്ടുന്നത്. ഇന്ന് നടക്കുന്ന പാകിസ്ഥാന്‍ – ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

 

Content Highlight: Kuldeep Yadav equals Sachin Tendulkar’s record of most wickets in a single Asia Cup