മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് കുളപ്പുള്ളി ലീല. ആകാശവാണി നാടകങ്ങളിലൂടെയാണ് അവർ ചലചിത്രരംഗത്ത് എത്തുന്നത്. അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അവർ സിനിമാലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് മലയാള സിനിമകളിലും തമിഴ് സിനിമകളിലും സ്വഭാവനടിയായി അഭിനയിച്ചു വരികയാണ് ലീല.
കുളപ്പുള്ളി ലീല അഭിനയിച്ച തമിഴ് സീരീസായിരുന്നു വദന്തി. എസ്. ജെ. സൂര്യ നായകനായ സീരീസിലെ ലീലയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. സീരീസ് ഡബ്ബ് ചെയ്യാൻ വേണ്ടി പോയപ്പോൾ എസ്. ജെ. സൂര്യ തനിക്ക് പതിനായിരം രൂപ തന്നെന്ന് കുളപ്പുള്ളി ലീല പറയുന്നു.
‘വദന്തി എന്നൊരു സീരീസിൽ ഞാൻ അഭിനയിച്ചിരുന്നു. പക്ഷേ ഒ.ടി.ടി എന്താണെന്നുപോലും അറിയാത്തത് കൊണ്ട് സീരീസൊന്നും ഞാൻ കാണാറില്ല. ആകെയുള്ള വാട്സ്ആപ്പിലും എങ്ങനെയാണ് ഉപയോഗിക്കുകയെന്ന് പഠിച്ചത് അടുത്തിടെയാണ്. അതുകൊണ്ടുതന്നെ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും എനിക്കില്ല എന്നുപറയാം.
വദന്തി ഒരുപാട് ഭാഷകളിൽ പുറത്തിറങ്ങിയിരുന്നു. ഡബ്ബ് ചെയ്യുന്ന ദിവസം ചിത്രത്തിലെ നായകൻ എസ്. ജെ. സൂര്യ എന്നെ വിളിച്ച് എനിക്ക് പതിനായിരം രൂപ കയ്യിൽ തന്നു. അപ്രതീക്ഷിതമായി അദ്ദേഹം ആ പണം കയ്യിലേക്ക് തന്നപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി. അമ്മ നല്ലൊരു ആർട്ടിസ്റ്റാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ പണം എനിക്ക് തന്നത്,’ കുളപ്പുള്ളി ലീല പറയുന്നു.
മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്കൊപ്പമെല്ലാം താൻ അഭിനയിച്ചുവെന്നും എന്നാൽ ദുൽഖർ സൽമാനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ധനുഷ്, വിജയ്, അജിത്ത് എല്ലാവരുടേയും കൂടെ ഇനിയും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ദൈവം കനിഞ്ഞാൽ എല്ലാം നടക്കുമെന്ന് പ്രതീക്ഷിക്കാമെന്നും കുളപ്പുള്ളി ലീല പറഞ്ഞു.
Content Highlight: Kulappully Leela Talks About SJ Suryah