കുടുംബശ്രീയുടെ പിന്തുണയിൽ പരിശീലനം; പട്ടികവര്‍ഗത്തിലെ 113 പേര്‍ക്ക് സര്‍ക്കാര്‍ ജോലി
Kerala News
കുടുംബശ്രീയുടെ പിന്തുണയിൽ പരിശീലനം; പട്ടികവര്‍ഗത്തിലെ 113 പേര്‍ക്ക് സര്‍ക്കാര്‍ ജോലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 11:08 am

തിരുവനന്തപുരം: കുടുംബശ്രീയുടെ പിന്തുണയോടെ സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ജോലി നേടിയത് 113 പേര്‍. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയിലാണ് ഇവര്‍ നിയമിതരായത്.

ഭൂരിഭാഗം നിയമനങ്ങളും എല്‍.ഡി ക്ലര്‍ക്ക്, പൊലീസ്, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് നടന്നിരിക്കുന്നത്. ദേശാഭിമാനിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ 364 പേര്‍ വിവിധ റാങ്ക് പട്ടികകളിലായി ഇടംപിടിച്ചിട്ടുണ്ട്. 2893 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബശ്രീ സംഘടിപ്പിച്ച പരിശീലന പരിപാടികളിലൂടെയാണ് ഇവര്‍ മത്സരപരീക്ഷയെ അഭിമുഖീകരിച്ചത്. ജില്ലാമിഷന്റെ നേതൃത്വത്തില്‍ സ്വകാര്യകേന്ദ്രങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. അതത് കുടുംബശ്രീ സി.ഡി.എസുകളുടെ പിന്തുണയോടെയാണ് പരിശീലന പരിപാടികള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള ജില്ലകളില്‍ പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു പദ്ധതി തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെയാണ് പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള തസ്തികകളിലേക്ക് പരിശീലനം ലഭ്യമാക്കുകയും ചെയ്തു.

പട്ടികവര്‍ഗ വിഭാഗത്തിലെ 750 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ ജോലികള്‍ക്കുള്ള മത്സര പരീക്ഷകള്‍ എഴുതുന്നതിനായി തുടര്‍ച്ചയായ ആറ് മാസത്തെ പരിശീലനമാണ് കുടുംബശ്രീ നല്‍കുന്നത്. ഇതിലൂടെ 75 പേരെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് പിന്തുണ ഉറപ്പാക്കുക എന്നതാണ് കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്.

ഇതിനുപുറമെ കുടുംബശ്രീ ബ്രിഡ്ജ് കോഴ്‌സും നടപ്പിലാക്കിയിട്ടുണ്ട്. പട്ടികവര്‍ഗ മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഊരില്‍ തന്നെ പഠനസംബന്ധമായതും പാഠ്യേതരവുമായ അധിക വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ട്യൂഷന്‍ സെന്ററുകള്‍ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം എളുപ്പമാക്കാനും കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും ദൈനംദിന ജീവിതത്തിലെ ആരോഗ്യ ശുചിത്വ പോഷക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ഉറപ്പുവരുത്താനും സാധിക്കുന്നുവെന്നാണ് കുടുംബശ്രീ പറയുന്നത്.

Content Higghlight: Kudumbashree’s support training; 113 Scheduled Tribes get government jobs