ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരും മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരും സേവനത്തിന്: കേരളത്തെ പുനര്‍നിര്‍മിയ്ക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമായി കുടുംബശ്രീ
Change Makers
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരും മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരും സേവനത്തിന്: കേരളത്തെ പുനര്‍നിര്‍മിയ്ക്കാന്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമായി കുടുംബശ്രീ
ശ്രീഷ്മ കെ
Monday, 27th August 2018, 8:22 pm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും വലിയ കൈത്താങ്ങുകളാണ് ലഭിക്കുന്നത്. അവശ്യ വസ്തുക്കളും സാമ്പത്തിക സഹായവുമെത്തിക്കാനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘടനകളും വ്യക്തികളും മഹാപ്രളയത്തിന്റെ ആദ്യ ദിനം മുതല്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

എന്നാല്‍, കേരളത്തിന്റെ സമഗ്രമായ പുനര്‍നിര്‍മാണം മുന്‍നിര്‍ത്തി എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനം സാധ്യമാക്കാനാണ് സംസ്ഥാനത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ശ്രമം. സന്നദ്ധ സംഘടനകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമൊപ്പം കുടുംബശ്രീ കൂടി ചേര്‍ന്നാണ് ദുരിതബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നത്.

വെള്ളപ്പൊക്കത്തിലകപ്പെട്ട വീടുകള്‍ ശുചിയാക്കി നല്‍കുന്ന ശ്രമകരമായ പ്രവൃത്തിയാണ് മിക്കയിടങ്ങളിലും കുടുംബശ്രീ ഏറ്റെടുത്തിട്ടുള്ളത്. ക്യാമ്പുകളിലേക്കും മറ്റു ബാധിതര്‍ക്കും ഭക്ഷണമെത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുതല്‍ കൗണ്‍സലിംഗ് സെഷനുകള്‍ വരെ കുടുംബശ്രീയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു.

പാചകം, കൗണ്‍സലിംഗ്, ക്യാംപിംഗ്, രക്ഷാപ്രവര്‍ത്തനം അവശ്യമുള്ളയിടങ്ങളില്‍ അത്, ധനസമാഹരണം എന്നിങ്ങനെ പന്ത്രണ്ടോളം കര്‍ത്തവ്യങ്ങളാണ് ജില്ലാ മിഷനുകളെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കുടുംബശ്രീ സംസ്ഥാന ഡയറക്ടര്‍ റംലത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

Also Read: ക്യാമ്പിലുള്ളവരെ നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ല ; ധനസഹായം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വി.എസ് സുനില്‍കുമാര്‍

 

ഒരു ലക്ഷത്തിലധികം വീടുകളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നുവരെ ശുചീകരിച്ച് പൂര്‍വസ്ഥിതിയിലാക്കിയിട്ടുള്ളത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും സ്വന്തം ജില്ലകളിലും, അതിനു പുറമേ മറ്റു ജില്ലകളിലും പോയി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുടുംബശ്രീയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജയന്തി നരേന്ദ്രന്‍ പറയുന്നു. “കുടുംബശ്രീയുടെ ആകെ അംഗസംഖ്യ നാല്പത്തിമൂന്നു ലക്ഷത്തോളം വരും. ഇവരെല്ലാവരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അവര്‍ ഈ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഈ സന്നദ്ധ സേവനം ആരും കാണാതെ പോകരുത്.”

“പതിനാലു ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രളയത്തില്‍ സ്വന്തം വീടു നഷ്ടപ്പെട്ടവരും, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമെല്ലാം പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളവരുടെ കൂട്ടത്തിലുണ്ട്. ശുചീകരണ പ്രവൃത്തികള്‍ മാത്രമല്ല, പൊതിച്ചോറു കെട്ടിക്കൊടുക്കുന്നു, സാധനങ്ങള്‍ പായ്ക്കു ചെയ്യാന്‍ സഹായിക്കുന്നു, ആശുപത്രികളില്‍ സഹായമാവശ്യമുള്ളവര്‍ക്ക് അതിനും കൂടെ നില്‍ക്കുന്നുണ്ട്.

ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ പോലും മറ്റുള്ളവര്‍ക്ക് സഹായമെത്തിക്കാന്‍ പൂര്‍ണമനസ്സോടെ മുന്നോട്ടുവരികയാണ്. സേവനത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും വളര്‍ന്നരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസമാണ് അവരെ ഇതിലേക്കു നയിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവര്‍ മറ്റു ജില്ലകളിലേക്കെത്തുന്നുണ്ട്. കൊല്ലത്തു നിന്നുള്ള ആയിരത്തിയഞ്ഞൂറോളം പ്രവര്‍ത്തകര്‍ പത്തനംതിട്ടയിലും ചെങ്ങന്നൂരുമെത്തിയിരുന്നു.” ജയന്തി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്വന്തം ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിവച്ചാണ് പലരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നെത്തി ആറാട്ടുപുഴയിലേയും പള്ളിപ്പാട്ടേയും വീടുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുകയാണ് താനെന്ന് പള്ളിപ്പാട് പഞ്ചായത്തിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സണായ ബിന്ദു പറയുന്നു. പല ക്യാമ്പുകളിലായി പിരിഞ്ഞാണ് താനും കുടുംബവും താമസിക്കുന്നതെന്നത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബിന്ദുവിനെ പിന്തിരിപ്പിക്കുന്നില്ല.

ചെങ്ങന്നൂരില്‍ വെള്ളം കയറിയ വീടുകളില്‍ തിരികെയെത്തി ജീവിതം കെട്ടിപ്പടുക്കാനൊരുങ്ങുന്നവര്‍ക്ക് സഹായവുമായെത്തിയ കുടുംബശ്രീ സംഘത്തിലുള്ളത് ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരാണെന്നും അധികൃതര്‍ പറയുന്നു.

പ്രദേശത്ത് അകപ്പെട്ടു പോയവരെ ജീവന്‍ പണയം വച്ചു രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ തന്നെ അവരുടെ തുടര്‍ന്നുള്ള ജീവിതത്തിനും കൈത്താങ്ങാവുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരില്‍ പലരും തങ്ങളുടെ വീടുകളില്‍ സ്വന്തം ചെലവില്‍ പ്രളയബാധിതരെ പാര്‍പ്പിക്കുന്നവരാണ്. സുനാമിയെ നേരിട്ട തങ്ങള്‍ക്ക് ഇതൊരു വെല്ലുവിളിയല്ലെന്ന് സംഘത്തിലുള്ള രജിത, സരള, രാധ തുടങ്ങിയവര്‍ പറയുന്നു.

ശുചീകരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ബൂട്ട്‌സ്, മാസ്‌ക്, ഗ്ലൗസ് എന്നിവയും ലഭ്യമാക്കുന്നുണ്ട്. ഇതിനൊപ്പം കനത്ത നാശനഷ്ടങ്ങളില്‍ മനസ്സു തകര്‍ന്നവരെ വീടുകളിലെത്തി സന്ദര്‍ശിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ ഡാറ്റ എല്ലാ ദിവസവും മൂന്നു മണിയോടെ സംസ്ഥാനമിഷനില്‍ ലഭ്യമാകും. പ്രതീക്ഷിച്ചതിലുമധികം സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നത് കുടുംബശ്രീയുടെ സാമൂഹ്യ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് ഹരികിഷോര്‍ ഐ.എ.എസും അഭിപ്രായപ്പെട്ടിരുന്നു.

രണ്ടു ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് ഈ കണക്കുകളനുസരിച്ച് സജീവമായി രംഗത്തുള്ളത്. വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതിലുപരി ദുരിതബാധിതര്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിലുണ്ട്. പതിനായിരത്തോളം പേരെയാണ് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ താമസിപ്പിച്ചിരിക്കുന്നത്.

 

Also Read: “ഡാര്‍ജിലിങ് ചായ കുടിക്കൂ; ദുരിതബാധിതര്‍ക്ക് പൈസ നല്‍കൂ” കേരളത്തിനായി ചായവിറ്റ് ഗൂര്‍ഖ വിദ്യാര്‍ത്ഥികള്‍

 

വീടുകളിലെ ശുചീകരണം കൂടാതെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ക്ലോറിനേഷനും വെല്‍ ക്ലോറിനേഷനും നടത്താനും, കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവ വഴി ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാനും തീരുമാനിച്ചതായി കുടുംബശ്രീയുടെ പത്തനംതിട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആറായിരത്തഞ്ഞൂറോളം പ്രവര്‍ത്തകരാണ് ജില്ലയില്‍ മാത്രം വിന്യസിക്കപ്പെട്ടിട്ടുള്ളത്.

“കണ്ണൂര്‍ കല്യാശ്ശേരിയില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ 2000 ചൂലുകളാണ് ഉണ്ടാക്കി എത്തിച്ചത്. ഇതെല്ലാം കുടുംബശ്രീയ്ക്കു മാത്രം ചിന്തിക്കാന്‍ സാധിക്കുന്ന കാര്യങ്ങളല്ലേ? ഈ സമയത്ത് ഇത്തരം വസ്തുക്കളുടെ വലിയ ആവശ്യമുണ്ടെന്നതു മനസ്സിലാക്കിയ സ്ത്രീകളുടെ പ്രായോഗിക ചിന്തയാണത്.

പണ്ട് വലിയ തുകകള്‍ കടമെടുക്കാനെല്ലാം ഭയമായിരുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ ലോണുകള്‍ക്കായി അപേക്ഷിക്കാന്‍ വിമുഖതയില്ലാതായിട്ടുണ്ട്. ജോലികള്‍ ചെയ്തും സംരംഭങ്ങള്‍ നടത്തിയുമെല്ലാം അതു വീട്ടാമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.” ജയന്തി നരേന്ദ്രന്‍ വിശദീകരിക്കുന്നു.

ശ്രീഷ്മ കെ
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം